"കൃഷിയില്ലാത്ത സമൂഹം നിലനിൽക്കില്ല" - മാർ ജോസഫ് പെരുന്തോട്ടം
Saturday 16 January 2021
കെ സി ബി സി യുടെ കർഷക ദിനാചരണത്തോടനുബന്ധിച്ച് ചാസ് കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കൂട്ടുമ്മ ഫാത്തിമാ മാതാ പാരീഷ് ഹാളിൽ നടന്ന കർഷക സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എന്തെല്ലാം വികസനങ്ങൾ ഉണ്ടായാലും കാർഷിക രംഗം തകർന്നാൽ സമൂഹം വലിയ പ്രതിസന്ധിയിലാകും. രാഷ്ട്രീയത്തിനതീതമായി കൂട്ടായി പ്രവർത്തിക്കാൻ വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് കർഷകർക്ക് കഴിയണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക്ക് ജോസഫ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ ആമുഖ സന്ദേശം നൽകി. കർഷകർ നേരിടുന്ന ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘ് വൈസ് ചെയർമാൻ അഡ്വ. ഡിജോ കാപ്പൻ ക്ലാസ് നയിച്ചു. ഫാ.ജോർജ്ജ് പനക്കേഴം, ഫാ. ലൂയീസ് വെള്ളാനിക്കൽ, ഡോ.ജോസഫ് എബ്രാഹം, ജോസഫ് കെ. നെല്ലുവേലി, ബിജു വലിയകുളം, ജോസ് ജോൺ വെങ്ങാന്തറ, എൻ.ഐ. തോമസ് എന്നിവർ പ്രസംഗിച്ചു.