ചങ്ങനാശ്ശേരി: അതിരൂപതയുടെ ഒമ്പതാമതു മേലധ്യക്ഷനും നിയുക്തമെത്രാപ്പോലീത്തായുമായ അഭി. മാർ തോമസ് തറയലിന് 2024 ഓഗസ്റ്റ് 31നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ അതിരൂപതാനേതൃത്വം ഔദ്യോഗികമായ സ്വീകരണം നൽകി.
മെത്രാപ്പോലീത്തൻപള്ളിയുടെ മോണ്ടളത്തിലെ കാനോനികസ്വീകരണത്തിനു പള്ളിവികാരി ഫാ. ജോസ് കൊച്ചുപറമ്പിലും മെത്രാപ്പോലീത്തൻപള്ളിയിലെ പ്രാർഥനാശുശ്രൂഷയ്ക്ക് അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടവും നേതൃത്വം വഹിച്ചു.
പ്രാർഥനാശുശ്രൂഷയ്ക്കുശേഷം അഭി. മാർ ജോസഫ് പെരുന്തോട്ടം നിയുക്തമെത്രാപ്പോലീത്തായെ സ്വാഗതം ചെയ്തു. മുൻ വത്തിക്കാൻ പ്രതിനിധി അഭി. മാർ ജോർജ് കോച്ചേരി, ഗോരക്പുർ രൂപതയുടെ മുൻ അധ്യക്ഷൻ അഭി. മാർ തോമസ് തുരുത്തിമറ്റം സി.എസ്.റ്റി., സാഗർ രൂപതയുടെ അധ്യക്ഷൻ അഭി. മാർ ജയിംസ് അത്തിക്കളം എം.എസ്.റ്റി., ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ മറുപടിപ്രസംഗം നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു.
മെത്രാപ്പോലീത്തൻപള്ളിയിലെ സ്വീകരണത്തിനുശേഷം നിയുക്തമെത്രാപ്പോലീത്താ അതിരൂപതയുടെ മുൻ മേലധ്യക്ഷന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മാർത്ത് മറിയം കബറിടപ്പള്ളിയിലെ ഓരോ കബറിടത്തിലും പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു.
അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ, രാഷ്ട്രീയ-സാമൂഹ്യനേതാക്കൾ, നിയുക്ത മെത്രാപ്പോലീത്തായുടെ കുടുംബാംഗങ്ങൾ, ബന്ധുമിത്രാദികൾ എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
അതിരൂപതാ സിഞ്ചെള്ളൂസുമാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ഐസക് ആലഞ്ചേരി, അതിരൂപതാ പ്രൊക്യുറേറ്റർ വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.