തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ

Tuesday 07 September 2021

കാക്കനാട്: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തില്‍ നടന്ന മെത്രാന്‍ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഉത്തരവാദിത്ത്വനിര്‍വഹണത്തിന്റെ ഭാഗമായി നല്‍കിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വി. കുര്‍ബായര്‍പ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണഭാഗം അള്‍ത്താരഭിമുഖമായും കുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അര്‍പ്പിക്കണമെന്നുള്ളതാണ് ഏകീകൃത അര്‍പ്പണ രീതി. കാര്‍മികന്‍ വി. കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രമാണു നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം എന്നത് ഇതിനകം വിശ്വാസികള്‍ക്കു വ്യക്തമായ കാര്യമാണല്ലോ.
എന്നാല്‍, വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃതരീതിയുമായി ബന്ധപ്പെടുത്തി മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിര്‍ബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോള്‍ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളില്‍ തുടരുന്നതാണ്. കുര്‍ബാനയര്‍പ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചരണവും വാസ്തവ വിരുദ്ധമാണ്. നമ്മുടെ ദൈവാലയങ്ങളില്‍ സക്രാരിയുടെ നിലവിലുള്ള സ്ഥാനം അതേപടി തുടരും. നമ്മുടെ സഭയില്‍ നിലവിലുള്ള  പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകള്‍, വലിയ ആഴ്ചയിലെ കര്‍മങ്ങള്‍, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സീറോമലബാര്‍സഭയില്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരുന്നതാണ്. 
ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതില്‍ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വകമായ നീക്കമാണിതെന്നു വ്യക്തമാണല്ലോ. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിഘാതമാകുന്ന ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതില്‍നിന്ന് എല്ലാവരും പിന്തിരിയുകയും ഇക്കാര്യങ്ങളില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയ കമ്മീഷൻ
 
7 സെപ്റ്റംബർ 2021

useful links