"നെൽകൃഷി ബോർഡടക്കം കുട്ടനാടിനായി സമഗ്രപദ്ധതികൾ ആവിഷ്കരിക്കണം": ആർച്ചുബിഷപ് തോമസ് തറയിൽ

Sunday 23 February 2025

ചങ്ങനാശ്ശേരി: കുട്ടനാടൻജനതയുടെ വളർച്ചയ്ക്കും നിലനിൽപ്പിനുമായി സമഗ്രപദ്ധതികൾ ആവിഷ്കരിക്കണ മെന്നും നെൽക്കർഷകരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പരിഹരിക്കാൻ നെൽകൃഷി ബോർഡ് രൂപീകരിക്കണ മെന്നും കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും അഭി. മാർ തോമസ് തറയിൽ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. 2025 ഫെബ്രുവരി 22ന് അതിരൂപതാകേന്ദ്രത്തിലെ സന്ദേശനിലയത്തിൻ്റെ ഹാളിൽ ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ മുനിസിപ്പൽ-തൃതലപഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി സർക്കാർതലങ്ങളിൽ സമ്മർദം ചെലുത്താൻ ജനപ്രതിനിധികൾക്കു സാധിക്കണമെന്ന് അഭി. മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു. 
 
അതിരൂപതാ പബ്ലിക് റിലേഷൻസ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിപ്പ ജനപ്രതിനിധിസംഗമ ത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. മാത്യു ചങ്ങങ്കരി സമ്മേളനത്തിന് അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ  ആമുഖസന്ദേശവും അതിരൂപതയുടെ പ്രോട്ടോസിഞ്ചെ ള്ളൂസ് വെരി റവ. ഫാ. ആൻ്റണി എത്തക്കാട് സമാപനസന്ദേശവും നൽകി.
 
അതിരൂപതാ പി. ആർ. ഒ. അഡ്വ. ജോജി ചിറയിൽ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ചെറിയാൻ, ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, ജാഗ്രതാസമിതിയംഗങ്ങളായ ഫാ. ആൻ്റണി തലച്ചെല്ലൂർ, അഡ്വ. ജോർജ് വർഗീസ്,  ആൻ്റണി ആറിൽചിറ, ബിജു സെബാസ്റ്റ്യൻ, ടോം ചമ്പക്കുളം, വർഗീസ് ആൻ്റണി, അഡ്വ. ഡെന്നിസ് ജോസഫ്, ജോയൽ ജോണി എന്നിവർ പ്രസംഗിച്ചു. തുടർന്നുനടന്ന ചർച്ചയിൽ ഡോ. റൂബിൾ രാജ് മോഡറേറ്ററായിരുന്നു.