ചങ്ങനാശേരി അതിരൂപതയിൽനിന്നും ഭാരതത്തിൻ്റെയും ലോകത്തിൻ്റെയും വിവിധ ഭാഗങ്ങളിൽ പ്രേഷിതവേല ചെയ്യുന്ന മിഷണറിമാരുടെ സംഗമം മെയ് 21, വെളളി, വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്നു. ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടിയിൽ മെത്രാൻമാരും വൈദികരും, ജനറൽ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സും ബ്രദേഴ്സും സിസ്റ്റഴ്സും ഉൾപ്പെടെ മൂവായിരത്തിൽപരം മിഷണറിമാർ പങ്കെടുക്കും. ‘അതിരൂപതയിൽ നാം ഒരു കുടുംബം’ എന്ന അതിരൂപതാ ആപ്തവാക്യത്തിലൂന്നിയാണ് സംഗമം നടത്തപ്പെടുന്നത്. സീറോ മലബാർ മേജർ ആർച്ചുബിഷപ്പും അതിരൂപതാംഗവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതവും വികാരി ജനറാൾ റവ.ഡോ.തോമസ് പാടിയത്ത് കൃതജ്ഞതയും അർപ്പിക്കും. ബംഗ്ലാദേശ് അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരി ഉൾപ്പെടെ അതിരൂപതാംഗങ്ങളായ മെത്രാൻമാർ സംസാരിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വൈദികരും സിസ്റ്റേഴസും അവരുടെ പ്രേഷിതാനുഭവങ്ങൾ പങ്കുവയ്ക്കും. അതിരൂപതാംഗങ്ങളായ എല്ലാ മിഷണറിമാരുടെയും പേരുവിവരങ്ങൾ അടങ്ങുന്ന ‘മിഷണറി ഡയറക്ടറി’ പ്രകാശനം ചെയ്യും. സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന സമ്മേളനം MAACTV സമയം സംപ്രഷണം ചെയ്യുന്നതാണ്. റവ.ഫാ.ജോബിൻ പെരുമ്പളത്തുശേരി, റവ.ഫാ.അനീഷ് കുടിലിൽ, ബ്ര. അലൻ, ബ്ര.ജിബിൻ, സി. ജെസ്ലിൻ, സി.മേരിറോസ്, മിഷൻലീഗ് അതിരൂപതാ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.