ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്‌ഠ ഇന്ന്‌

Friday 25 March 2022

യുദ്ധത്തിന്റെ ഭീകരമായ വേട്ടയാടലുകള്‍ ലക്ഷകണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തുന്നതിനിടെ റഷ്യ - യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ ഇന്നു ദൈവമാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കും. മംഗളവാര്‍ത്ത തിരുനാള്‍ദിനം കൂടിയായ ഇന്ന്  വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ റോമിലെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 09.30) ശുശ്രൂഷകള്‍ ആരംഭിക്കും. ആഗോള കത്തോലിക്കസഭയിലെ മെത്രാന്‍ മാരുടെ കൂട്ടായ്മയില്‍ നിന്നുകൊണ്ടാണ് ലോകസമാധാനം എന്ന നിയോഗം മുന്‍നിര്‍ത്തി പാപ്പ ഇരുരാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക. 
 
ഇതേ സമയംതന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഉപവിപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും. പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്കുള്ള സമർപ്പണം ലോകത്തിന് സമാധാനം നൽകട്ടെയെന്ന് പാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരിന്നു.
 
നേരത്തെ റഷ്യയെയും, യുക്രൈനെയും മാതാവിന് സമർപ്പണം നടത്തണമെന്ന ആവശ്യം മാർപാപ്പയോട് ഉന്ന യിച്ചുകൊണ്ട് യുക്രൈനിലെ ലത്തീൻ റീത്തിലെ മെത്രാന്മാർ നേരത്തെ അഭ്യര്‍ത്ഥന നടത്തിയതിന്  പിന്നാലെയാണ് പാപ്പ വിമലഹൃദയ പ്രതിഷ്ഠ നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. പ്രതിഷ്ഠയില്‍ പങ്കുചേരാന്‍ ലോകത്തെ എല്ലാ മെത്രാമാരോടും പാപ്പ അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇത് സംബന്ധിച്ചുള്ള പാപ്പയുടെ ക്ഷണം വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതി അതാത് രാജ്യങ്ങളിലെ മെത്രാന്‍മാരെ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ പ്രതിഷ്ഠ നടത്തുന്നതിന് തതുല്യമായ സമയത്താണ് മെത്രാന്മാരും പ്രതിഷ്ഠ നടത്തുക. ചില സ്ഥലങ്ങളില്‍ സമയത്തിന് മാറ്റം വരുത്തിയിട്ടുണ്ട്.
 
പ്രത്യേകം മരിയഭക്തി കാത്തുസൂക്ഷിക്കുന്ന 2 രാജ്യങ്ങളാണ് അയൽരാജ്യങ്ങളായ റഷ്യയും യുക്രൈനും. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. യാരോസ്ലോവ് എന്ന കീവിലെ രാജകുമാരൻ 1037ൽ തന്റെ കൈവശമുള്ള പ്രദേശങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു.

useful links