ചങ്ങനാശേരി: ആധുനികകാലഘട്ടത്തിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ മാർപ്പാപ്പയായിരുന്നു കാലംചെയ്ത ബനഡിക്ട് പതിനാറാമൻ പാപ്പയെന്ന് ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. അഗാധപണ്ഡിതനായ അദ്ദേഹത്തിൻ്റെ ദൈവശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും സഭയുടെ വിശ്വാസത്തിൻ്റെ വിലപ്പെട്ട വ്യാഖ്യാനങ്ങളാണ്. വിശുദ്ധ ലിഖിതങ്ങളുടെയും സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളുടെയും അടിത്തറയിൽ നിന്നുകൊണ്ട് അദ്ദേഹം വിശ്വാസികൾക്കും ലോകത്തിന് മുഴുവനും ആഴവും കൃത്യതയുമുള്ള പ്രബോധനങ്ങൾ നൽകി. അറിവും ആത്മീയതയും ഒരുപോലെ ബനഡിക്ട് പാപ്പായുടെ ജീവിതത്തിൽ വിളങ്ങി പ്രശോഭിച്ചു. പൗരസ്ത്യസഭകളുടെ പ്രാധാന്യത്തെയും അവയുടെ പാരമ്പര്യം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെയും കുറിച്ച് ബോധ്യമുണ്ടായിരുന്ന മാർപാപ്പ സീറോ മലബാർ സഭയെയും അതിൻ്റെ പൈതൃകത്തെയും അറിഞ്ഞു സ്നേഹിച്ച ഇടയനാണ്. സീറോമലബാർ സഭയുടെ ആരാധനാക്രമ നവീകരണത്തിലും അതിൻ്റെ പുനരുദ്ധാരണത്തിലും പാപ്പ ഏറെ താത്പര്യം പുലർത്തിയിരുന്നു. ഇതു സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അറിവിൻ്റെ ഭണ്ഡാകാരമായിരുന്ന ബനഡിക്ട് പതിനാറാമൻ വിനയവും ലാളിത്യവും സ്നേഹവും നിറഞ്ഞ വ്യക്തിത്വ വുമായിരുന്നു. അങ്ങനെയുള്ള ഇടപെടലുകളുടെ മാധുര്യം പല അവസരങ്ങളിലും നേരിട്ട് അനുഭവിക്കാൻ തനിക്കു സാധിച്ചുവെന്ന് മാർ പെരുന്തോട്ടം ഓർമ്മിച്ചു. അദ്ദേഹത്തിൻ്റെ ആഴമായ പ്രാർത്ഥനയും ആശ്രമതുല്യമായ ജീവിത ശൈലിയും സഭയ്ക്കു മുഴുവനും വലിയ മാതൃകയും പ്രചോദനവും നൽകുന്നതായിരുന്നു. നമ്മുടെ കാലഘട്ടത്തിൽ വിശുദ്ധനായ ഒരു പാപ്പായെക്കൂടി, ബനഡിക്ട് പതിനാറാമനിലൂടെ സ്വർഗത്തിൽ മധ്യസ്ഥനായി ലഭിച്ചിരിക്കുന്നു എന്നതിൽ ദൈവത്തെ നമുക്കു സ്തുതിക്കാം എന്ന് ആർച്ചുബിഷപ് തൻ്റെ അനുശോചനസന്ദേശത്തിൽ അറിയിച്ചു.