കെ-റെയിലിന് കല്ലു സ്ഥാപിച്ച സ്ഥലങ്ങൾ മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
Sunday 20 March 2022
കെ-റെയിലിന് കല്ലു സ്ഥാപിച്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി മലങ്കര കത്തോലിക്ക പള്ളി ക്കടുത്തുള്ള സ്ഥലങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. വീടും ഭൂമിയും നഷ്ടപ്പെടുന്ന കൊരണ്ടിത്തറ സാജനുമായി ആർച്ച് ബിഷപ്പ് കാര്യങ്ങൾ സംസാരിച്ചു. വീടും സ്ഥലവും നഷ്ടമാകുന്നവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും പ്രതിഷേധങ്ങളെ പോലീസിനെകൊണ്ട് അടിച്ചമർത്തുന്നതും ജനാധിപത്യ സംസ്കാ രത്തിനു യോജിച്ചതല്ലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, മാടപ്പള്ളി ലിറ്റിൽ ഫ്‌ളവർ (ചെറുപുഷ്പം) ദേവാലയം റവ. ഫാ. ചാക്കോ പുതിയാപറമ്പിൽ, മാമ്മൂട് ലൂർദുമാതാ ദേവാലയം വികാരി റവ. ഡോ.ജോൺ വി. തടത്തിൽ എന്നിവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
മാടപ്പള്ളി ചെറുപുഷ്പം ഇടവക പരിധിയിലുള്ള കുടുംബങ്ങളുടെ ഭൂമിയിലാണ് കഴിഞ്ഞദിവസം പോലീസ് ബലപ്രയോഗത്തിലൂടെ കല്ലിട്ടത്. സില്‍വര്‍ലൈന്‍ സംബന്ധിച്ച് നാളുകളായി ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഗണിക്കാതെയും വ്യക്തമായ പഠന റിപ്പോര്‍ട്ടുകള്‍ ഇല്ലാതെയും കേന്ദ്രാനുമതി ലഭിക്കാതെയും ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലായെന്നും നിരവധിയാളുകളുടെ ജീവിതവും ഭാവിയും സ്വത്തും സമ്പാദ്യവും എല്ലാം ദുരിതത്തിലാക്കുന്നതും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഈ പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും ചങ്ങനാശേരി അതിരൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു.