യുവജനവർഷാരംഭവും ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ സമാപനവും

Sunday 18 February 2024

ചങ്ങനാശ്ശേരി: 25-ാമത് അതിരൂപതാ ബൈബിൾ കൺവെൻഷൻ്റെ സമാപനദിവസമായ ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ EMAURA-HE is with US- 2K24 എന്നപേരിൽ അതിരൂപതയിലെ യുവജനങ്ങൾക്കുവേണ്ടി ഏകദിന കൺവെൻഷൻ നടന്നു. മൂവായിരത്തോളം യുവജനങ്ങൾ പങ്കെടുത്തു. 2022-2025 കാലയളവിൽ കെ.സി.ബി.സി. പ്രഖ്യാപിച്ച കേരളസഭാനവീകരണത്തിൻ്റെ ഭാഗമായി ഇക്കൊല്ലം ആചരിക്കുന്ന യുവജന പ്രേഷിതവർഷാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനത്തോടനു ബന്ധിച്ചാണ് ഇതു സംഘടിപ്പിക്കപ്പെട്ടത്. രാവിലെ 9.30 നു യുവദീപ്തി - എസ്.എം.വൈ.എം. അതിരൂപതാ ഡയറക്ടർ ഫാ. ആൻ്റണി ആനക്കല്ലുങ്കലിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയും തുടർന്ന് കൺവെൻഷൻ ക്ലാസുകളും നടത്തപ്പെട്ടു. അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ആദർശ് കുമ്പളത്ത്, ബ്രദർ ജോൺ പോൾ എന്നിവർ ക്ലാസുകൾ നയിച്ചു. ശേഷം ഫാ. ഡാനിയൽ പൂവണ്ണത്തിലിൻ്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും കൈവെപ്പു പ്രാർത്ഥനയും നടന്നു.
 
ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ആഘോഷപൂർവകമായ റംശാപ്രാർത്ഥനയ്ക്കുംശേഷം സീറോ മലബാർസഭ യൂത്ത് കമ്മിഷൻ ചെയർമാനും കോട്ടയം ക്നാനായ അതിരൂപത സഹായമെത്രാനുമായ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പരിശുദ്ധ കുർബാനയ്ക്കു കാർമി കത്വം വഹിച്ചു. യുവദീപ്തി - എസ്.എം.വൈ.എം. അതിരൂപതാ ഡയറക്ടർ, ഫൊറോനാ ഡയറക്ടേഴ്സ് എന്നിവർ സഹകാർമികരായിരുന്നു. പരിശുദ്ധ കുർബാനയ്ക്കുശേഷം കൺവെൻഷൻ പന്തലിൽ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ യുവജനവർഷത്തിൻ്റെ  ഉദ്ഘാടനം നിർവഹിച്ച് സന്ദേശംനൽകി. പ്രസ്തുത യോഗത്തിൽ 18 ഫൊറോനകളിൽനിന്നുള്ള യുവദീപ്തി -  എസ്.എം.വൈ.എം. ഭാരവാഹികൾക്കും കത്തിച്ചതിരികൾ നൽകി. 
 
വൈകുന്നേരം 6 നു  വചനപ്രഘോഷണവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധനയും നടത്തപ്പെട്ടു. അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ സമാപനസന്ദേശത്തോടെ 25-ാമത് അതിരൂപതാ ബൈബിൾ കൺവെൻഷൻ പരിയവസാനിച്ചു.

useful links