സർക്കാർ കർഷക സൗഹൃദമാകണം - മാർ ജോസഫ് പെരുന്തോട്ടം

Tuesday 14 November 2023

തകഴി: കർഷക ആത്മഹത്യയിൽ സർക്കാർ പരിഹാരം അനിവാര്യമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മാർ പെരുന്തോട്ടം. പ്രസാദിന്റെ ആത്മഹത്യ കർഷകരുടെ നീറുന്ന പ്രശ്നത്തിന്റെ ബഹിർസ്ഫുരണമാണ്. കാർഷിക വായ്പകൾ സിബിൽ സ്കോർ പരിധിയിൽ നിന്ന് എടുത്തു കളയണമെന്നും കർഷകന്റെ ലോണിന് സർക്കാർ തന്നെ ഗ്യാരണ്ടി നിൽക്കണമെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വേദനിക്കുന്ന പ്രസാദിന്റെ കുടുംബത്തോടൊപ്പം ചങ്ങനാശേരി അതിരൂപത ഉണ്ടാവുമെന്നും ആർച്ച് ബിഷപ് ഉറപ്പ് നൽകി.

ഇനി ഒരു കർഷകനും ഈ ദാരുണവസ്ഥയിൽ എത്താതിരിക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രണ്ടാം കൃഷിയുടെ വിളവെടുപ്പും പുഞ്ചക്കൃഷിയും ആരംഭിക്കുന്ന ഈ അവസരത്തിൽ കർഷകന് അനുകൂലമായ നടപടികൾ സ്വീകരിച്ച് സർക്കാർ കർഷക സൗഹൃദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, റവ. ഫാ. ഫിലിപ് വൈക്കത്തുകാരൻ,  ഫാ. ജോർജിൻ വെളിയത്ത്, ഫാ. ജോസഫ് കൊല്ലാറ, ഫാ. ജോൺ വടക്കേകളം, ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ടോം ജോസഫ് ചമ്പക്കുളം, ജിനോ ജോസഫ്, ടോമിച്ചൻ മേപ്പുറം എന്നിവർ ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
 


useful links