ചങ്ങനാശ്ശേരി എസ് ബി കോളജിൻ്റെ നൂറാമത് സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തയും കോളജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും. സഹകരണവകുപ്പ് മന്ത്രി വി .എൻ വാസവൻ ശതാബ്ദി ലോഗോ പ്രകാശനംചെയ്ത് മുഖ്യ പ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയിട്ടുള്ള 100 സ്കോളർഷിപ്പുകളുടെ വിതരണവും നിർവ്വഹിക്കും.എസ് ബി കോളജ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം എൽ എ വാർത്താപത്രികയുടെ പ്രകാശനവും കാളാശ്ശേരി മെമ്മോറിയൽ സ്കോളർഷിപ്പിൻ്റെ വിതരണവും നിർവ്വഹിക്കും. മനുഷ്യാവകാശ കമ്മീഷൻ്റെ ചുമതലയുള്ള ഡി ജി പി ടോമിൻ തച്ചങ്കരി ഐ പി. എസ്. ചെറിയതുണ്ടം സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് സംസാരിക്കും. അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കോട്ടയം കോളീജിയേറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ പ്രഗാഷ് നിർവ്വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ് വാർഡ് കൗൺസിലർ ബീനാ ജിജൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. സുവോളജി മ്യൂസിയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കോളജ് അലുംമ്നി കാനഡാ ചാപ്റ്റർ നൽകിയ സംഭാവന മദർ ചാപ്റ്റർ പ്രസിഡൻ്റ് ഡോ എൻ എം മാത്യു കോളജ് രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടത്തിന് കൈമാറും. കോളജ് മാനേജർ മോൺ.തോമസ് പാടിയത്ത് സ്വാഗതവും കോളജ് പ്രിൻസിപ്പൽ റവ. ഫാ റെജി പി കുര്യൻ കൃതജ്ഞതയും രേഖപ്പെടുത്തും. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂർ രചിച്ച് ശ്രീവൽസൻ മേനോൻ ചിട്ടപ്പെടുത്തിയ എസ് ബി കോളജ് ശതാബ്ദി ഗാനം കോളജ് ഗായകസംഘം അവതരിപ്പിക്കും. പുർവ്വാധ്യാപകനായ പ്രൊഫ. തോമസ് കണയൻപ്ലാവൻ രചിച്ച കോളജിനെപ്പറ്റിയുള്ള കവിത ലൈബ്രറി സയൻസ് വിദ്യാർത്ഥിനി കുമാരി സുധാമണി വി എസ് ആലപിക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനില്ക്കുന്നതിനാൽ ക്ഷണിക്കപ്പെടവർക്കു മാത്രമാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പരിപാടികൾ 2.30 മുതൽ കോളജിൻ്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ബി. ടി.വി യിലൂടെ തത്സമയം കാണാവുന്നതാണ്. യുട്യൂബിൽ ബി.ടി വി എസ് ബി കോളജ് എന്ന് സെർച്ച് ചെയ്യുക .കൂടാതെ ഷെക്കെയ്ന ടി.വിയിലും മാക് ടിവിയിലും പരിപാടികൾ തത്സമയം കാണാം