25-ാം ചരമവാർഷികാചരണം: കർദിനാൾ മാർ ആന്റണി പടിയറ

Tuesday 25 March 2025

ചങ്ങനാശ്ശേരി: സീറോമലബാർസഭയുടെ പ്രഥമ മേജർ ആർച്ചുബിഷപ്പും അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തായു മായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-ാം ചരമവാർഷികം 2025 മാർച്ച് 22നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ  സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിലുള്ള പരിശുദ്ധ കുർബാന, മൃതിയടഞ്ഞവർക്കുള്ള അനുസ്മരണപ്രാർഥന എന്നിവയോടെ ആചരിച്ചു.  
 
അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. മാത്യു ചങ്ങങ്കരി, മെത്രാപ്പോലീത്തൻപള്ളിയുടെ വികാരി ഫാ. ജോസഫ് വാണിയ പ്പുരയ്ക്കൽ, കർദിനാൾ മാർ ആന്റണി പടിയറയിൽനിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. ജോസഫ് നടുവിലേഴം, ഫാ. സേവ്യർ പുത്തൻകളം, ഫാ. ജോസഫ് പുത്തൻപറമ്പിൽ, ഡിപ്പാർട്ടുമെന്റുകളുടെ തലവന്മാർ എന്നിവർ പരിശുദ്ധ കുർബാനയ്ക്കു സഹ കാർമികരായിരുന്നു. 
 
കർദിനാൾ മാർ ആന്റണി പടിയറ സ്ഥാപിച്ച എ.എസ്.എം.ഐ. സന്യാസിനിസമൂഹത്തിലെ അംഗങ്ങൾ, അല്മായർ എന്നിവർ ചരമ വാർഷികാചരണത്തിൽ പങ്കെടുത്തു.
 
കർദിനാൾ മാർ ആൻ്റണി പടിയറയുടെ മാതൃഇടവകയായ മണിമല സെന്റ് ബേസിൽസ് പള്ളിയിലും അന്നേദിവസം പരിശുദ്ധ കുർബാന, മൃതിയടഞ്ഞവർക്കുള്ള അനുസ്മരണപ്രാർഥന, അനുസ്മരണസമ്മേളനം എന്നിവ നടത്തപ്പെട്ടു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെള്ളൂസ് വെരി റവ. ഫാ. ആന്റണി എത്തക്കാട് പരിശുദ്ധ കുർബാനയ്ക്കു കാർമികനും അനുസ്മരണസമ്മേളന ത്തിൽ വിശിഷ്ടാതിഥിയുമായിരുന്നു.