കോവിഡ് മഹാമാരി കാരണം ഒരു വർഷത്തിലധികം താമസിച്ചു പോയ അഭിവന്ദ്യ പിതാവിൻറെ സന്ദർശനം ജൂലൈ 27 മുതൽ 30 ആം തീയതി വരെയായിരുന്നു. ജൂലൈ 27ആം തീയതി ആറു മണിയോടുകൂടി അഭിവന്ദ്യ പിതാവ് ആഗ്ര ആർച്ച് ബിഷപ്പ് ഹൗസിലെത്തി. പുതിയ അധ്യക്ഷനായി ചാർജെടുത്ത അഭിവന്ദ്യ റാഫി മഞ്ഞളി പിതാവിനെയും മുൻ ആർച്ച് ബിഷപ്പ് ആൽബർട്ട് പിതാവിനെയും സന്ദർശിച്ചു. ഏകദേശം 8 മണിയോടുകൂടി പിതാവ് ഷിക്കോഹാബാദ് സെന്‍റ് ഡോമിനിക് ചർച്ചിൽ കുർബാന അർപ്പിക്കുകയും വിശ്വാസികളെ നേരില്‍ കാണുകയും ചെയ്തു. ജൂലൈ 28-ന് ഇട്ടാവാ മിഷൻ കേന്ദ്രമായ ക്രൈസ്റ്റ് നിവാസ് ചാപ്പലിൽ കൂദാശകർമ്മം നടത്തിയശേഷം അഭിവന്ദ്യ പിതാവ് മൈനർ സെമിനാരി സമൂഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം ആലമ്പൂര്‍, ജസ്വന്ത്നഗര്‍ മിഷൻ സ്റ്റേഷനുകളില്‍ എത്തിച്ചേര്‍ന്ന് വിശ്വാസി സമൂഹത്തെ അനുഗ്രഹിച്ചു. ജൂലൈ 28, 3.00 PM ന് അഭിവന്ദ്യ പിതാവ് ബിധുനയില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ മദർ തെരേസയുടെ പേരിലുള്ള സ്കൂൾ ആശീർവദിക്കുകയും, പള്ളിയുടെ കൂദാശകർമ്മം നിര്‍വഹിക്കുകയും ചെയ്യുകയുണ്ടായി.
ജൂലൈ 29ന് രാവിലെ ദിബിയപ്പൂര്‍ സാഞ്ചോസ് മിഷനിൽ ദിവ്യബലി അര്‍പ്പിച്ച് ശേഷം രണ്ടു കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണവും നടത്തുകയുണ്ടായി. അവിടെ നിന്നും മടങ്ങുന്നതിന് മുന്നേ വിശ്വാസി സമൂഹത്തെ കണ്ടു അവരുമായി സമയം ചിലവഴിച്ചു. അതിനുശേഷം ഔറയ്യ മിഷന്‍ സന്ദർശിച്ചു. ഉച്ചക്ക് മൂന്ന് മണിയോടുകൂടി അഭിവന്ദ്യ പിതാവ് ചകര്‍നഗര്‍ മിഷൻ സന്ദർശിക്കുകയും വിശുദ്ധ മദർ തെരേസയുടെ നാമത്തിലുള്ള സോഷ്യൽ സർവീസ് സെൻറർ ആശീർവദിക്കുകയും ചെയ്തു. അതിനുശേഷം അഭിവന്ദ്യ പിതാവ് വൈദികരെയും സന്യസ്തരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. ഗോൾഡൻ ജൂബിലി ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങുന്നതിനെക്കുറിച്ചും. പുതിയ സാഹചര്യത്തിൽ വിവേകപൂർവം മിഷൻ പ്രവർത്തനം നടത്തുന്നതിനെക്കുറിച്ച് അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിച്ചു. ജൂലൈ 30-ന് ഇട്ടാവാ ക്രൈസ്റ്റ് ദ കിംഗ് പള്ളിയിൽ ഏപ്രിൽ മാസത്തിലെ കോവിഡ് ദുരന്തത്തിൽ നമ്മെ വേർപിരിഞ്ഞുപോയ റവ. സിസ്റ്റർ മെര്‍ളി സി.എം.സി. (വേഴപ്ര – വില്ലുവിരുത്തി കുടുംബാംഗം), ബഹു. മാത്യു സെബാസ്റ്റ്യൻ സര്‍ (പ്ലാപ്പുഴ, കരുവാറ്റ ഇടവക) എന്നിവരുടെ ഓർമ്മയ്ക്കായി വിശുദ്ധ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു. സ്നേഹസമ്പന്നമായ അഭിവന്ദ്യ പിതാവ് ഇട്ടാവാ മിഷന്‍ സന്ദർശനത്തിനുശേഷം നമ്മുടെ ജയ്പൂര്‍ മിഷനിലേക്ക് യാത്രയായി. അഭിവന്ദ്യ പിതാവിന് മിഷനിലുള്ള എല്ലാ മക്കളുടെയും പേരിൽ നന്ദിയും പ്രാർത്ഥനയും അർപ്പിക്കുന്നു.