പ്രായമായവര്‍ മനുഷ്യ കുലത്തിന്റെ നിധി: ഫ്രാന്‍സിസ് പാപ്പ

Thursday 17 February 2022

പ്രായമായവരെ മനുഷ്യകുലത്തിന്റെ നിധിയായി പരിപാലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ 24ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കുമായുള്ള രണ്ടാം ലോകദിനത്തിന് തിരഞ്ഞെടുത്ത വിചിന്തനപ്രമേയത്തെ സൂചിപ്പിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രായമായവരെ സ്മരിച്ചു മൂന്നു സന്ദേശങ്ങള്‍ പാപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. “വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീർത്തനം 92:14) എന്ന വചനമാണ് പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ ലോകദിനത്തിന്റെ പ്രമേയമെന്ന് പാപ്പയുടെ ആദ്യ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

"പ്രായമായവരെ നരകുലത്തിന്റെ നിധിയായി പരിപാലിക്കണം: അവർ നമ്മുടെ ജ്ഞാനമാണ്, നമ്മുടെ ഓർമ്മയാണ്. മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ ജീവരസം പേരക്കുട്ടികൾ വലിച്ചെടുക്കുന്ന വേരുകളാകുന്ന മുത്തശ്ശീമുത്തശ്ശന്മാരോട് ചേർന്നു നിൽക്കുകയെന്നത് നിർണ്ണായകമാണ്. മറ്റൊരു ട്വീറ്റില്‍ പ്രായമായവരുടെ ജ്ഞാനവും യുവാക്കളുടെ ആവേശവും തമ്മിൽ കണ്ടുമുട്ടേണ്ടത് സുപ്രധാനമാണെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച്, മനുഷ്യരാശി കടന്നുപോകുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ഈ വേളയിൽ മുത്തശ്ശിമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ച അതിപ്രധാനമായ ഒന്നാണ്”- പാപ്പ കുറിച്ചു.


useful links