അരലക്ഷം പേര്‍ നേരിട്ട് സാക്ഷി; ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ഇനി വിശുദ്ധന്‍

Monday 16 May 2022

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. നാമകരണ കുർബാനയിൽ 45,000 പേരോളം പങ്കെടുത്തുവെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമെത്തിയത്. ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് ഒൻപതു പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു.

2019 ഒക്‌ടോബറിൽ സെന്റ് ജോൺ ഹെൻറി ന്യൂമാനും മറ്റ് നാല് പേർക്കും ശേഷം തിരുസഭയില്‍ നടക്കുന്ന ആദ്യ വിശുദ്ധ പദ പ്രഖ്യാപനമാണ് ഇത്. നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മാർസെല്ലോ സെമെരാരോ ഓരോ വാഴ്ത്തപ്പെട്ടവരുടെയും ലഘു ജീവചരിത്രങ്ങൾ വായിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭമായത്. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് വിശുദ്ധരുടെ ലുത്തീനിയ ആലപിച്ചിരിന്നു.

ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ, ഡച്ച് വിദേശകാര്യ മന്ത്രി വോപ്‌കെ ഹോക്‌സ്‌ട്രാ, തമിഴ്നാട് ന്യൂനപക്ഷ മന്ത്രി ജിംഗീ കെ.എസ്. മഥൻ, ഹൈ ഇസ്‌ലാമിക് കമ്മിറ്റിയുടെ അൾജീരിയൻ പ്രസിഡന്റ് ബൗബ്ദല്ല ഗൗലമല്ല എന്നിവരും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കാൽമുട്ട് വേദനയും നടത്തം ഒഴിവാക്കാൻ വീൽചെയർ ഉപയോഗിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് കുർബാനയ്ക്കിടെ അൽപനേരം നിൽക്കാന്‍ കഴിഞ്ഞു. ദേവസഹായം പിള്ളയുടെ ജന്മനാടായ കന്യാകുമാരിയിൽ അദ്ദേഹത്തെ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തുന്ന ചടങ്ങ് കാണാന്‍ നിരവധി പേരാണ് എത്തിയത്. ബിഗ് സ്ക്രീനിന് മുന്നില്‍ ആയിരങ്ങള്‍ തത്സമയം ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥ മുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.


രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതി രായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദ നമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് ആയിര ങ്ങള്‍ക്ക് മുന്‍പില്‍ വിശ്വാസവിളക്കായി തന്നെ മാറി.


useful links