പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതി: മാർ തോമസ് തറയിൽ

Friday 12 August 2022

സഭയിലുടലെടുത്ത തർക്കത്തിന് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതിയെന്നു ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. മാർപാപ്പ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടും തർക്കത്തിന്റെ തലത്തിൽ തുടരുന്നെങ്കിൽ അത് സഭയെ നിർമ്മിക്കാനായിരിക്കില്ല വ്യക്തമാണെന്നും പ്രാർത്ഥിക്കാമെന്നും: കർത്താവ് നമ്മുടെ സഭയെ കൈവിടില്ലായെന്നും മാർ തോമസ് തറയിൽ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ആരെയും തോൽക്കാൻ സമ്മതിക്കാതെ, സാധുവായ എല്ലാ വാദഗതികളും പരമാവധി ഉൾക്കൊണ്ടാണ് ഏകീകൃത ഫോര്‍മുലയിലേക്കു സഭ എത്തി ചേർന്നത്. ഭാഗ്യസ്മരണാര്ഹനായ കർദ്ദിനാൾ വിതയത്തിൽ പിതാവിന്റെ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഈ തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്നു. പലവിധ കാരണങ്ങളാൽ അന്നത് പൂർണമായി നടപ്പിലായില്ല.

തർക്കത്തിന്റെ അന്തരീക്ഷം സഭയിൽ നിലനിൽക്കുന്നത് സഭയെ വല്ലാതെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തവണത്തെ തക്സ പരിഷ്കരണത്തോടനുബന്ധിച്ചു അത് നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നമ്മോട് ആവശ്യപ്പെട്ടത്. ഇത്തവണ ദൈവകൃപയാൽ 34 രൂപതകളിലും അത് നടപ്പിലാക്കി. എല്ലാവരും തോറ്റുകൊടുക്കാൻ തയ്യാറായപ്പോൾ നമ്മുടെ കർത്താവ് ജയിക്കുന്ന അനുഭവം!

തർക്കങ്ങൾ നമുക്ക് ജയിക്കാനുള്ളതാണ്. നമ്മുടെ കർത്താവിനു ജയിക്കാനല്ല. തർക്കിച്ചു നേടാൻ ആഗഹിക്കുന്നവർ ഒത്തിരി തെറ്റുധാരണകൾ പരത്തും. വൈകാരികമായി ജനങ്ങളെ ചൂഷണം ചെയ്യും.

അക്രമങ്ങൾ നടത്തും. ഭയപ്പെടുത്താൻ നോക്കും. കാരണം, സത്യം അറിഞ്ഞാൽ, അത് സ്വീകരിച്ചാൽ പിന്നെ ആരും എതിർക്കാൻ വരില്ല. അതുകൊണ്ടു കള്ളത്തരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും…സ്വയം ജയിക്കാൻ ആഗ്രഹിക്കുമ്പോൾ ബലപ്രയോഗങ്ങളും ഭീഷണിപ്പെടുത്തലുകളും അരങ്ങു വാഴും. എന്തുകൊണ്ട് മറ്റു രൂപതകളിൽ ജനങ്ങളെ തെരുവിലിറക്കിയില്ല എന്ന് ചോദിച്ചാൽ ഒരേ ഒരുത്തരം ‘അവർ തർക്കങ്ങൾ തൽക്കാലം നിർത്തി സംഭാഷണത്തിന് തയാറായി’ എന്ന് മാത്രമാണ്. സത്യം അറിയുമ്പോൾ എല്ലാ തർക്കങ്ങളും അവസാനിക്കേണ്ടതാണ്. മാർപ്പാപ്പ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടും തർക്കത്തിന്റെ തലത്തിൽ തുടരുന്നെങ്കിൽ അത് നിർമ്മിക്കാനായിരിക്കില്ല എന്ന് വ്യക്തം. നമുക്ക് പ്രാർത്ഥിക്കാം…കർത്താവ് നമ്മുടെ സഭയെ കൈവിടില്ല- മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.


useful links