ആശാഭവൻ സുവർണ്ണജൂബിലിക്ക് തുടക്കംകുറിച്ചു

Wednesday 30 March 2022

മനുഷ്യസേവനം ഈശ്വര സേവനമാണെന്നും, പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന സ്നേഹമാണ് അർത്ഥപൂർണ്ണമായ സ്നേഹമെന്നും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനസംഖ്യയുടെ 2.2 ശതമാനം വരുന്ന ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും, കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആശാഭവൻ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയമാണെന്നും അദ്ദേഹം തുടർന്നു. ചീരഞ്ചിറ ജിമ്മി പടനിലം സെന്ററിൽ നടന്ന ആശാ ഭവന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ക്ഷേമം ഉണ്ടാക്കുന്നതുവരെ ആർക്കും ക്ഷേമം ഉണ്ടാകില്ലെന്നും സമൂഹത്തിൽ കാരുണ്യവും സേവനസന്നദ്ധതയും വർദ്ധിക്കുവാൻ ആശാഭവൻ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്‌പെഷ്യൽ സ്ക്കൂളുകൾക്ക് എയ്ഡഡ് പദവിയും മെയിന്റനൻസ് ഗ്രാന്റും ലഭ്യമാക്കാൻ ഗവർണർ ഇടപെടണമെന്ന് തന്റെ അധ്യക്ഷപ്രസംഗത്തിൽ അഭ്യർത്ഥിച്ച മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക്  ആവശ്യങ്ങൾ എഴുതി നൽകിയാൽ തീർച്ചയായും തന്റെ പരിഗണന ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

ആശാഭവൻ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളന ത്തിൽ അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. സി.എം. സി. ഹോളി ക്വീൻസ് പ്രൊവിൻസ്  പ്രൊവിൻഷ്യൽ റവ. സിസ്റ്റർ ഡോ. പ്രസന്ന സി.എം.സി. ആശംസകൾ നേർന്നു. ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ പ്രശാന്തി സി.എം.സി റിപ്പോർട്ട് അവതരിപ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു. വികാരി ജനറൽ വെരി റവ. ഡോ. തോമസ് പാടിയത്ത് സ്വാഗതവും സുവർണ്ണ ജൂബിലി ജനറൽ കൺവീനർ ഡോ. റൂബിൾ രാജ് നന്ദിയും അറിയിച്ചു. വികാരി ജനറൽ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, ആശാഭവൻ ഡയറക്ടർ വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അസി. ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 


useful links