മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാലനക്ഷത്രം: മാർ റാഫേൽ തട്ടിൽ

Monday 18 March 2024

ചങ്ങനാശ്ശേരി: സീറോമലബാർസഭയുടെ സൂര്യോദയം പ്രഖ്യാപിക്കാൻ കടന്നുവന്ന ഉഷകാല നക്ഷത്രമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന് സീറോമലബാർസഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ കുർബാനയ്ക്ക് കാർമികത്വംവഹിച്ച് ചങ്ങനാശ്ശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വചന സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ചുബിഷപ്. സീറോമലബാർ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുക്കാൻ പ്രവാചകധീരതയോടെ പ്രവർത്തിച്ച കർമയോഗിയാണ് മാർ പവ്വത്തിലെന്നും സഭയുടെ കാഴ്ചപ്പാടുകൾ സ്വന്തം കാഴ്ചപ്പാടു കളാക്കി മാറ്റിയ പിതാവിൻ്റെ മ്ശിഹാ വിജ്ഞാനീയം സഭയോടുള്ള സ്നേഹബന്ധത്തിലൂടെയാണ് വെളിവാക്ക പ്പെട്ടതെന്നും സീറോമലബാർ സഭയുടെ ചക്രവാളങ്ങൾക്ക് ഇന്ത്യ മുഴുവനിലും ഇന്ത്യയ്ക്കുപുറത്തും വ്യാപ്തി യൊരുക്കിയത് പവ്വത്തിൽ പിതാവിൻ്റെ പരിശ്രമങ്ങളാണെന്നും മേജർ ആർച്ചുബിഷപ് കൂട്ടിച്ചേർത്തു. പവ്വത്തിൽ പിതാവിൻ്റെ അജപാലനശുശ്രൂഷ മെത്രാന്മാർക്കും വൈദികർക്കും  മികച്ചമാതൃക നൽകുന്ന ഒരു ഐക്കണായി നിലകൊള്ളുമെന്നും പിതാവ് ഉയർത്തിപ്പിടിച്ച ദർശനങ്ങൾ പിന്നീട് സീറോമലബാർസഭാ ദർശനത്തിൻ്റെതന്നെ ഭാഗമായി മാറിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. 
 
മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികാചരണം മാർച്ച് 18 തിങ്കളാഴ്ച ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ  രാവിലെ 9.15 ന് ആർച്ചുബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ "മാർ പവ്വത്തിൽ സഭാചാര്യനും സാമൂഹികപ്രതിഭയും" എന്ന വിഷയത്തെ അധികരിച്ച് നടത്തപ്പെട്ട പ്രഥമ അനുസ്മരണ സിംപോസിയത്തോടെ ആരംഭിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, സി.എം.സി. ചങ്ങനാശ്ശേരി ഹോളിക്യൂൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഡോ. ആനി പ്രസന്ന, സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ യഥാക്രമം Ecclesial Vision of Mar Joseph Powathil, Mar Joseph Powathil: An Eminent Ecumenist, Mar Joseph Powathil and the Liturgical Renewal of the Syro-Malabar Church, Educational Vision and Social Interventions of Mar Joseph Powathil തുടങ്ങീ പ്രബന്ധങ്ങൾ   അവതരിപ്പിച്ചു. ആർച്ചുബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെൻ്റർ ഡയറക്ടറും ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി വികാരിയുമായ ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ പ്രതികരണം നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ സ്വാഗതവും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് നന്ദിയും അറിയിച്ചു.
 
രാവിലെ11.30 ന് സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽപിതാവിന് അതിരൂപതയുടെ ഔദ്യോഗികസ്വീകരണം നൽകി. തുടർന്ന്, മേജർ ആർച്ചുബിഷപ് പരിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിശുദ്ധ കുർബാനയ്ക്കുശേഷം അനുസ്മരണസന്ദേശം നൽകി. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, സീറോമലങ്കര മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതാ മെത്രാൻ മാർ തോമസ് പാടിയത്ത്, അപ്പസ്തോലിക് നുൺഷ്യോ എമെരിത്തൂസ് മാർ ജോർജ് കോച്ചേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമെരിത്തൂസ് മാർ മാത്യു അറയ്ക്കൽ, ചങ്ങനാശ്ശേരി അതിരൂപതാ പ്രൊവിൻസിലെ വൈദികർ എന്നിവർ സഹകാർമികരായിരുന്നു. ശേഷം കബറിടത്തിങ്കൽ  ഒപ്പീസ് നടത്തപ്പെട്ടു.  ഉച്ചഭക്ഷണത്തോടെ അനുസ്മരണ ചടങ്ങുകൾ സമാപിച്ചു. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ സിഞ്ചെള്ളൂസുമാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവർ പങ്കെടുത്തു. നിരവധി ജനപ്രതിനിധികളും മറ്റു പ്രമുഖവ്യക്തികളും എത്തിച്ചേർന്നിരുന്നു.  പരിപാടികൾക്ക് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, സിഞ്ചെള്ളൂസുമാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ലിറ്റർജിക്കൽ റിസേർച്ച് സെൻ്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോ. മാത്യു തെക്കേടത്ത്, കുടുംബക്കൂട്ടായ്മാ- ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, മെത്രാപ്പോലീത്തൻപള്ളി വികാരി, കൈക്കാരൻമാർ, ഭാരവാഹികൾ എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളും നേതൃത്വംവഹിച്ചു.

useful links