ചങ്ങനാശ്ശേരി: അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയലിന്റെ സ്ഥാനാരോഹണവും മെത്രാപ്പോലീത്താസ്ഥാനത്തുനിന്നു വിരമിക്കുന്ന അഭി. മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനവും 2024 ഒക്ടോബർ 31ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിലൊരുക്കിയ വേദിയിൽ നടത്തപ്പെട്ടു.
പ്രാരംഭപ്രദക്ഷിണത്തോടുകൂടി സ്ഥാനാരോഹണശുശ്രൂഷകൾ ആരംഭിച്ചു. അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഏവരെയും സ്വാഗതം ചെയ്തു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് അഭി. മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്താ സ്ഥാനാരോഹണശുശ്രൂഷകൾക്കു കാർമികത്വംവഹിച്ചു.
അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ഐസക് ആലഞ്ചേരി മെത്രാപ്പോലീത്തായുടെ നിയമനപത്രം വായിച്ചു. സ്ഥാനാരോഹണത്തിനുശേഷം18 ഫൊറോനാവികാരിമാരും നവമെത്രാപ്പോലീത്തായുടെ മുദ്രമോതിരം ചുംബിച്ചു മെത്രാപ്പോലീത്തായോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിച്ചു. അഭി. മാർ തോമസ് തറയിൽ മെത്രാപ്പോലീത്താ പരിശുദ്ധ കുർബാനയ്ക്കു കാർമികത്വംവഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്താ റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ പരിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകി. ഇൻഡ്യ-നേപ്പാൾ രാജ്യങ്ങളുടെ അപ്പസ്തോലികസ്ഥാനപതി ആർച്ചുബിഷപ് റൈറ്റ് റവ. ഡോ. ലെയോപ്പോൾദോ ജിറേല്ലി ശ്ലൈഹികസന്ദേശം പങ്കുവെച്ചു.
നന്ദിപ്രകാശനസമ്മേളനത്തിനു മുന്നോടിയായി ഫാ. തോമസ് തൈക്കാട്ടുശ്ശേരിയിലിൻ്റെ നേതൃത്വത്തിലുള്ള സദസ് ടീം ആശംസാ ഗാനം ആലപിച്ചു. അപ്പസ്തോലികസ്ഥാനപതി അഭി. മാർ ജോർജ് കോച്ചേരി, നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാട് എന്നിവർ ചേർന്നു ദീപം തെളിയിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ സമ്മേളനത്തിനു സ്വാഗതമറിയിച്ചു. സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായുമായ അഭി. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ തലവൻ ബസേലിയോസ് മാർതോമാ മാത്യൂസ് തൃതീയൻ, മാർതോമാ സുറിയാനിസഭയുടെ തലവൻ തെയഡോഷ്യസ് മാർതോമാ ഇരുപത്തിരണ്ടാമൻ എന്നിവർ പൈതൃകസന്ദേശങ്ങൾ നൽകി. സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സന്യാസഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ദീപ്തി ജോസ് എസ്.ഡി. അഭി. മാർ ജോസഫ് പെരുന്തോട്ടത്തിനു നന്ദിയും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് അഭി. മാർ തോമസ് തറയിലിന് ആശംസയുമറിയിച്ചു.
ആർച്ചുബിഷപ് മോസ്റ്റ് റവ. ഹെർവിഗ് ഗോസ്സൽ (ബാംബർഗ് അതിരൂപത, ജർമനി), ജോഷ്വാ മാർ ഇഗ്നാത്തിയോസ് (സീറോമലങ്കരരൂപത,മാവേലിക്കര), വി.ഡി. സതീശൻ (പ്രതിപക്ഷനേതാവ്), വി.എൻ. വാസവൻ (സംസ്ഥാനസഹകരണവകുപ്പുമന്ത്രി), റോഷി അഗസ്റ്റിൻ (സംസ്ഥാനജലവിഭവവകുപ്പുമന്ത്രി), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര എം.പി.), അഡ്വ. ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി എം.എൽ.എ.), കൃഷ്ണകുമാരി രാജശേഖരൻ (ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ) എന്നിവർ ആശംസകളർപ്പിച്ചു. അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ, മെട്രോപ്പോലീറ്റൻ എമെരിത്തൂസ് അഭി. മാർ ജോസഫ് പെരുന്തോട്ടം എന്നിവർ മറുപടിപ്രസംഗങ്ങൾ നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ നന്ദി രേഖപ്പെടുത്തി.