ചങ്ങനാശ്ശേരി: കെ. സി. ബി. സി. ബൈബിൾ കമ്മിഷൻ ഡിസംബർ 17 ബൈബിൾ ഞായറായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെയും, ഈശോയുടെ തിരുപ്പിറവിക്ക് അടുത്ത ഒരുക്കമായും ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ അപ്പോസ്‌തോലേറ്റിന്റെയും - കുടുംബ കൂട്ടായ്മ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അഖണ്ഡ ബൈബിൾ പാരായണം നടത്തപ്പെട്ടു. പരിശുദ്ധ കുർബാനയെ തുടർന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ബൈബിൾ പാരായണം നിർവ്വഹിച് ഉദ്ഘാടനം ചെയ്തു. തുടർന്ന് റവ. ഡോ. വർഗീസ് മറ്റത്തിൽ സുറിയാനി ഭാഷയിലും, റവ. ഡോ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ ഗ്രീക്കു ഭാഷയിലും വചന പാരായണം നടത്തി സി.എം. സി, എസ്. എ. ബി. എസ്. സന്യാസിനി സമൂഹങ്ങൾ തുടർന്ന് വചനപാരായണത്തിന് നേതൃത്വം നൽകി. കത്തീഡ്രൽ വികാരി ഫാ.ജോസ് കൊച്ചു പറമ്പിൽ , ഫാ. ജോർജ് മാന്തുരുത്തിൽ,ബാബു കളിക്കൽ,ജോബി തൂമ്പൽ തുടങ്ങിയവർ പ്രസംഗിച്ചു. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ബൈബിൾ പാരായണത്തിന് അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന 60 ൽ അധികം സന്യാസിനി സമൂഹങ്ങളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സും, ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ വിവിധ കുടുംബക്കൂട്ടായ്മകളും നേതൃത്വം നൽകും. ശനിയാഴ്ച വൈകിട്ട് മെത്രാപ്പോലീത്തൻ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ സമാപന സന്ദേശം നൽകും. ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്കുള്ള പരിശുദ്ധ കുർബാനയോടെ അഖണ്ഡ ബൈബിൾ പാരായണം സമാപിക്കും. അതിരൂപതയിലെ 250 ഇടവകകളിലും കുടുംബക്കൂട്ടായ്മ - സണ്ടേസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നതാണ്.