അഭി. കർദിനാൾ മാർ ജോർജ് കൂവക്കാടിന് മാതൃഅതിരൂപതയുടെ ഔദ്യോഗികസ്വീകരണം
Saturday 21 December 2024
ചങ്ങനാശ്ശേരി: നവകർദിനാൾ അഭി. മാർ ജോർജ് കൂവക്കാടിന് 2024 ഡിസംബർ 21നു ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് കോളേജിലെ ആർച്ചുബിഷപ് കാവുകാട്ട് ഹാളിൽ അതിരൂപത ഔദ്യോഗികമായ സ്വീകരണം നൽകി.
പ്രാർഥന, സ്വാഗതനൃത്തം, അഭി. കർദിനാളിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ എന്നിവയോടുകൂടി സമ്മേളനം ആരംഭിച്ചു. അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ സമ്മേളനത്തിനു സ്വാഗതമാശംസിച്ചു.
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരുന്ന സമ്മേളനം ഹൈദരാബാദ് ആർച്ചുബിഷപ് അഭി. കർദിനാൾ ആൻ്റണി പൂള ഉദ്ഘാടനം ചെയ്തു.
അതിരൂപതയുടെ മുൻമെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം, പത്തനംതിട്ട സീറോമലങ്കരരൂപതയുടെ അധ്യക്ഷൻ അഭി. സാമുവൽ മാർ ഐറേനിയസ്, ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, ശിവഗിരി മഠാധിപനും ശ്രീനാരായണധർമ്മസംഘം പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ, തിരുവനന്തപുരം പാളയം ഇമാം ഡോ. ബി. പി. സുഹൈബ് മൗലവി, തിരുവനന്തപുരം എം. പി. ഡോ. ശശി തരൂർ എന്നിവർ പ്രസംഗിച്ചു. അപ്പസ്തോലിക് നുൺഷ്യോ അഭി. മാർ ജോർജ് കോച്ചേരി അതിരൂപതയുടെ പേരിൽ സമ്മാനവും ഫലകവും അഭി. കൂവക്കാടിനു നൽകി.
ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് പള്ളിയിലെ ഗായകസംഘത്തിന്റെ ഗാനാലാപനം സമ്മേളനത്തിനു മികവേകി. മാവേലിക്കര എം. പി. കൊടിക്കുന്നിൽ സുരേഷ്, ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ എന്നിവർ അഭി. കർദിനാളിന് ആശംസകൾ നേർന്നുസംസാരിച്ചു. അഭി. മാർ ജോർജ് കൂവക്കാട് മറുപടി പ്രസംഗം നടത്തി. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് സമ്മേളനത്തിനു നന്ദിയറിയിച്ചു.
വൈദികർ, സമർപ്പിതർ, ഇടവകപ്രതിനിധികൾ, അഭി. കർദിനാളിന്റെ കുടുംബാംഗങ്ങൾ, കാരുണ്യഭവനങ്ങളിലെ അംഗങ്ങളുടെ പ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങി ആയിരത്തിയഞ്ഞൂറിലധികം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.