ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂൺ മെത്രാൻ
Thursday 10 February 2022
യെഗോവുവ (കാമറൂണ്‍): ബൊക്കോഹറാം തീവ്രവാദ സംഘടനയുടെ ഏറ്റവും വലിയ സ്വാധീന മേഖലയായി തന്റെ രൂപത ഉൾപ്പെടുന്ന പ്രദേശം മാറിയിരിക്കുകയാണെന്നും ഇതിനെത്തുടർന്ന് ഇപ്പോൾ ജീവിതം ദുഷ്കരമാണെന്നും ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ യെഗോവുവ രൂപതാധ്യക്ഷന്‍ ബെർത്തലീമി ഹൂർഗോ. ചാഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഉത്തര മേഖലയിൽ ദാരിദ്ര്യാവസ്ഥ വർദ്ധിക്കാൻ കാരണം തീവ്രവാദികളാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് വിവരിച്ചു. ഇവിടെ ബൊക്കോഹറാം തീവ്രവാദികൾ ഒരു കാലിഫൈറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സഹായം ഇല്ലായിരുന്നുവെങ്കിൽ വൈദികരുടെ പ്രവർത്തനവും, സെമിനാരി വിദ്യാർത്ഥികളുടെ പഠനവും ബുദ്ധിമുട്ടിൽ ആകുമായിരുന്നുവെന്ന് യെഗോവുവ രൂപതയുടെ മെത്രാൻ ചൂണ്ടിക്കാട്ടി.
സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കാനുളള സാമ്പത്തികശേഷി വിശ്വാസികൾക്കില്ല. വൈദികർക്ക് ഇടവകകൾ സന്ദർശിക്കാനോ, വസ്ത്രം വാങ്ങാനോ വേണ്ടിയുള്ള പണം പോലും കണ്ടെത്താൻ സാധിക്കാറില്ല. കത്തോലിക്ക സംഘടനയിലൂടെ സഹായം നൽകുന്ന എല്ലാ ആളുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2009ലാണ് ബൊക്കോ ഹറം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ മാത്രമല്ല സാധാരണക്കാരായ ജനങ്ങളെയും, പ്രത്യേകിച്ച് ക്രൈസ്തവരെയും തീവ്രവാദികൾ ലക്ഷ്യംവക്കുകയാണ്. ആൺകുട്ടികളെയും, പെൺകുട്ടികളെയും അവർ തട്ടിക്കൊണ്ടുപോകുന്നു. ഏറ്റവും ഭീഷണി ഉയർത്തുന്ന തീവ്രവാദി സംഘടനകളുടെ പട്ടികയിലാണ് എയിഡ്ടു ദി ചർച്ച് ഇൻ നീഡ് ബൊക്കോ ഹറാമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദികൾ ഇപ്പോൾ തങ്ങളുടെ പ്രവർത്തനം നൈജീരിയയിൽ നിന്ന് പശ്ചിമ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.