Diocesan News & Updates

Home / News Detail

ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രഥമ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു

Tuesday, 03 May 2022
News Image

പെര്‍ത്തിലെ ദൈവാഭിമുഖ്യമുള്ള സീറോ മലബാര്‍ വിശാസികളുടെ ഹൃദയമിടിപ്പാണ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയമെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രഥമ സിറോ മലബാര്‍ ദേവാലയമായ പെര്‍ത്ത് സെന്റ് ജോസഫ് പള്ളിയുടെ കൂദാശ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനംതന്നെ ആ നാമത്തിലുള്ള പള്ളി കൂദാശ ചെയ്യാനായത് വലിയ അനുഗ്രഹമായി ഇടവക സമൂഹം കാണുന്നു.

 

ഈ ദേവാലയം പെര്‍ത്ത് പ്രദേശത്തുള്ള എല്ലാവര്‍ക്കും ദൈവാനുഭവത്തിന്റെ വലിയ സ്രോതസായി മാറും. ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സമാഗമ കൂടാരമായി ഇവിടം മാറണണെന്നും ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു. മനോഹരമായ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പള്ളിയിരിക്കുന്ന പ്രദേശവും ലഭിച്ചത് ദൈവത്തിന്റെ ഇടപെടലിലൂടെയാണ്. ഇടവകാംഗങ്ങളുടെ നല്ല മനസും സഹകര ണവും പ്രാര്‍ഥനയും ചേര്‍ന്നാണ് പള്ളിയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പള്ളി നിര്‍മാണത്തിനിടെ ഭിന്ന തയുടെ ഒരു സ്വരം പോലുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.

 

സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസത്തിന്റെ വലിയ പ്രതീകമായി പള്ളി നിലകൊള്ളുക മാത്രമല്ല വരും തലമുറയ്ക്ക് ഈ തലമുറയുടെ വിശ്വാസത്തിന്റെ സാക്ഷ്യമായിട്ടും അവര്‍ക്ക് പ്രചോദനം നല്‍കുന്ന വലിയ ശക്തികേന്ദ്രമായും ഇവിടം മാറും. സീറോ മലബാര്‍ സഭയ്ക്ക് എല്ലാ സഹായവും നല്‍കുന്ന പെര്‍ത്ത് അതിരൂപതയ്ക്കും ബിഷപ്പ് നന്ദി പറഞ്ഞു. അതിരൂപതയുടെ ആത്മീയപിന്തുണയില്ലായിരു ന്നെങ്കില്‍ സീറോ  മലബാര്‍ സഭയ്ക്ക് ഇത്രയും ഉയരാനാകുമായിരുന്നില്ലെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. ദേവാ ലയം പൂര്‍ത്തിയാക്കാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ സഹായ സഹകരണങ്ങള്‍ക്ക് പിതാവ് നന്ദി രേഖപ്പെടുത്തി.

 

പെര്‍ത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ സ്വപ്‌നസാക്ഷാത്കാരമായ സെന്റ് ജോസഫ് ദേവാലയ ത്തിന്റെ കൂദാശ തിരുക്കര്‍മങ്ങള്‍ മെയ് 1 ഉച്ചയ്ക്ക് രണ്ടിന് ദിവ്യബലിയോടെയാണ് ആരംഭിച്ചത്. പുതിയ ദേവാലയ അങ്കണത്തിലെത്തിയ അതിഥികളെ ഇടവകാംഗങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചു. ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വികാരി റവ. ഫാ. അനീഷ് ജെയിംസ്, റവ. ഫാ. വര്‍ഗീസ് പാറയ്ക്കല്‍, റവ. ഫാ. സാബു ജേക്കബ്, റവ. ഫാ. തോമസ് മങ്കുത്തേല്‍, റവ. ഫാ. മനോജ് കണ്ണംതടത്തില്‍, റവ. ഫാ തോമസ് മാരാമറ്റം എന്നിവര്‍ സഹകാര്‍മികരായി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

 

കൂദാശാകര്‍മത്തിനു ശേഷം വൈകിട്ട് നടന്ന പൊതുസമ്മേളനത്തിന് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. പെര്‍ത്ത് അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഡൊണാള്‍ഡ് സ്പ്രോക്സ്റ്റണ്‍ മുഖ്യപ്രഭാഷണം നടത്തി. പീറ്റര്‍ അബെറ്റ്സ് (ഗോസ്നെല്‍സ് സിറ്റി കൗണ്‍സില്‍ അംഗം), റവ. ഫാ. അനീഷ് ജെയിംസ്, റവ. ഫാ. വര്‍ഗീസ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റി തോമസ്‌കുട്ടി പൗലോസ് നന്ദി പറഞ്ഞു.