കർമ്മധീരരായ പ്രവർത്തകരാണ് സമുദായത്തിന് ഉൾക്കരുത്ത് പകരുന്നതെന്നും,സാമൂഹികമായി സംഭവിച്ചിട്ടുള്ള പല മാറ്റങ്ങൾക്കും കാരണം സമുദായ സംഘടനയുടെ അല്മായ നേതാക്കന്മാരാണെന്നും ചരിത്രത്തിൽ അത് രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ അവരുടെ പ്രവർത്തനങ്ങൾ എന്നും വിലമതിക്കുന്നതാണെന്നും ചങ്ങനാശ്ശേരി അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട്. സഭയും സമുദായവും നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാനും അവയുടെ കെട്ടുറപ്പ് നിലനിർത്തുവാനും കഴിയുന്നത് സമുദായാംഗങ്ങളുടെ കൂട്ടായ്മയും അവരുടെ സമുദായ സ്നേഹവും ആണ്.
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി സംഘടിപ്പിച്ച വിശാല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമീപ കാലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് നടത്തിയിട്ടുള്ള സാമൂഹിക ഇടപെടലുകളും ശ്രദ്ധാർഹമായ സമരങ്ങളും സമൂഹത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സമുദായത്തിനുവേണ്ടി നിലനില്ക്കുവാനും ഒപ്പം ചിന്തിക്കുവാനും കഴിയുന്ന തരത്തിൽ പുതിയ തലമുറയെ രൂപപ്പെടുത്തുവാൻ കത്തോലിക്ക കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതിരൂപതാ പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന വിശാല നേതൃ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി 2027 ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുന്ന 109-ാം ജന്മവാർഷിക സമ്മേളനത്തിന് ആതിഥേയത്വമരുളുവാനും,പ്രസ്തുത പരിപാടിയിൽ അതിരൂപതയിൽ നിന്ന് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. അതിനു മുന്നോടിയായി ഉള്ള പ്രവർത്തന പരിപാടികൾക്ക് സമ്മേളനം രൂപം നൽകുകയും ചെയ്തു.സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ. ഡോ.സാവിയോ മാനാട്ട് ആമുഖ സന്ദേശവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ മുഖ്യപ്രഭാഷണവും നടത്തി.അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ഓഫീസ് ചാർജ് സെക്രട്ടറി പി. സി. കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റുമാരായ സി.ടി. തോമസ്,ജോർജുകുട്ടി മുക്കത്ത്, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ,ടോമിച്ചൻ അയ്യരുകുളങ്ങര, അഡ്വ. മനു ജെ. വരാപ്പള്ളി സെക്രട്ടറിമാരായ കുഞ്ഞ് കളപ്പുര,സെബാസ്റ്റ്യൻ വർഗീസ്,കെ.എസ് ആൻറണി,ചാക്കപ്പൻ ആന്റണി, സെബാസ്‌റ്റ്യൻ പുല്ലാട്ടു കാലാ,സേവ്യർ തോമസ് കൊണ്ടോടി,എൻ.എ. ഔസേപ്പ്, സൈബി അക്കര, സിസി അമ്പാട്ട്,ജെസി ആൻറണി,ബാബു വള്ളപ്പുര, ലിസി ജോസ്, ജോസി ഡൊമിനിക്ക്, സിനി പ്രിൻസ് എന്നിവർ പ്രസംഗിച്ചു.