പരിശുദ്ധ ലെയോ പതിമൂന്നാമൻ മാർപ്പാപ്പ 'കലോദ് യാം പ്രിദം' എന്ന തിരുവെഴുത്തിലൂടെ കോട്ടയം വികാരിയായി ആരംഭിച്ച ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനാചരണം 2026 മെയ് 20 ബുധനാഴ്‌ച രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്‌സ് ഫെറോനാ പള്ളി അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ഫാ. ഡൊമിനിക് തോട്ടാശേരി നഗറിൽ നടക്കും. ഒരു വികാരിയാത്ത് എന്ന നിലയിൽ അതിരൂപത സ്ഥാപിക്കപ്പെട്ടതിന്റെ ശതോത്തര റൂബിജൂബിലി ആചരിക്കുന്നു എന്നതാണ് ഇത്തവണത്തെ അതിരൂപതാദിനത്തിന്റെ പ്രത്യേകത. തൃക്കൊടിത്താനം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ചു ജില്ലകളിൽ ഇരുന്നൂറ്റമ്പതോളം ഇടവകകളിലായി 82000 കുടുംബങ്ങളിലെ നാലുലക്ഷത്തിൽപരം വരുന്ന വിശ്വാസി കളുടെ പ്രതിനിധികളും സന്യസ്‌തപ്രതിനിധികളും അതിരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഉൾപ്പെടെ രണ്ടായിരത്തിലധികംപേർ സംബന്ധിക്കും.
മുഖ്യചിന്താവിഷയം
സീറോമലബാർസഭ സമുദായ ശക്തീകരണവർഷം ആചരിക്കുന്നതിനാൽ ഈ വർഷത്തെ അതിരൂപതാദിനത്തിൻ്റെ മുഖ്യചിന്താവിഷയവും പ്രമേയവും സമുദായ ശക്തീകരണമായിരിക്കും. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ആദരിക്കലുകൾ, പദ്ധതിപ്രഖ്യാപനങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും.
സമ്മേളനനഗരി
അതിരൂപതാദിനത്തിൻ്റെ സമ്മേളനനഗരി ഫാ.ഡൊമിനിക് തോട്ടാശേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. ചങ്ങനാശേരി അതിരൂപതാ വൈദികനായിരുന്ന അദ്ദേഹം അജപാലന പ്രവർത്തനങ്ങൾക്കൊപ്പം പൊതുമണ്ഡലത്തിലും ശക്തമായി പ്രവർത്തിച്ചിരുന്നു. സാമൂഹികവിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിരുന്നു. പൊതുസമൂഹത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ജനസമ്മിതിമൂലം 1921 ഡിസംബർ 12ന് അദ്ദേഹം ചങ്ങനാശേരി മുൻസിപ്പാലിറ്റിയുടെ ആദ്യത്തെ ചെയർമാൻ (അക്കാ ലത്ത് പ്രസിഡണ്ട് എന്നതായിരുന്നു സ്ഥാനപ്പേര്) ആയി തെരഞ്ഞെടുക്കപ്പെട്ടു. തൻ്റെ മൂന്നുവർഷത്തെ ഭരണകാലത്ത് ചങ്ങനാശേരി പട്ടണത്തിൻ്റെ വികസനത്തിന് അടിത്തറപാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. പൊതുസമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ പ്രളയത്തിൽ, മുൻസിപ്പാലിറ്റിയുടെ സംവിധാനങ്ങളും അതിരൂപതയുടെ സംവിധാനങ്ങളും സംയക്തമായി ഉപയോഗിച്ച് കുട്ടനാട്ടിലെ ആളുകളെ രക്ഷിച്ച പ്രവർത്തനമാണ്. വിദ്യാഭ്യാസരംഗത്തും മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിലും മറ്റും അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. സഭയ്ക്കും പൊതുസമൂഹത്തിനും വിശിഷ്ടസേവനങ്ങൾ നൽകിയ ഈ ധീരാത്മാവിനെ സമുദായ ശക്തീകരണവർഷത്തിൽ അതിരൂപത പ്രത്യേ കമായി അനുസരിക്കുന്നു.
പൊതുസമ്മേളനം
അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പത്തനംതിട്ട മലങ്കര രൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സാമുവൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷപ്രസംഗം നടത്തും, അന്നേദിവസം മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ട ത്തിന് ആശംസകൾ നേരും, സമുദായ ശക്തീകരണവർഷവുമായി ബന്ധപ്പെട്ട് അതിരൂപത നടപ്പാക്കുന്ന നൂതനപദ്ധതികൾ പ്രഖ്യാപിക്കും. ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും മുഖ്യാതിഥി കേരളം നേവൽ ഓഫീസർ ഇൻചാർജ് കമഡോർ വർഗീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തും.
എക്‌സലൻസ് അവാർഡ്
അതിരൂപത നൽകുന്ന പരമോന്നത ബഹുമതിയായ എക്‌സലൻസ് അവാർഡ് തിരവന്തപുരം ആസ്ഥാനമാക്കി സേവനം ചെയ്യുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ശ്രീമതി ശാന്താ ജോസ്, രാഷ്ട്രീയ പൊതുപ്രവർത്തനരംഗത്തെ മികവും കുട്ടനാടിൻ്റെ വികസനത്തിലുള്ള നിർണായകപങ്കും സാമുദായികരംഗ ത്തുള്ള സംഭാവനകളും പരിഗണിച്ച് കുട്ടനാട് മുൻ എം.എൽ. എ. ഡോ. കെ.സി. ജോസഫ് എന്നിവർക്ക് അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സമ്മാനിക്കും. എക്സലൻസ് അവാർഡ് സംബന്ധിച്ച പ്രഖ്യാപനം മെയ് 16 ശനിയാഴ്ച്ച അതിരൂപതാകേന്ദ്രത്തിൽ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത നടത്തി.
ആദരവുകൾ
സമുദായത്തിന്റെ വളർച്ചയ്ക്ക് ഉദാത്തമായ സംഭാവനകൾ നൽകിയവരെ ആദരിക്കും. ഫാമിലി അപ്പോസ്‌തലേറ്റ്, സണ്ടേസ്‌കൂൾ, സഭാസംഘടനകൾ എന്നീ രംഗങ്ങളിൽ ത്യാഗപൂർവമായ ശുശ്രൂഷചെയ്‌ത റവ. സി. ആലീസ് ഫൈനാ സി എം.സി., പ്രമുഖ നിയമവിദഗ്‌ധൻ അഡ്വ. കെ.സി. ജോർജ് കളരിക്കൽ, പ്രമുഖ കർഷകനും സഭാസ്നേഹിയുമായ ശ്രീ. ജോസ് ജോൺ വേങ്ങാന്തറ, പ്രോലൈഫ് പ്രവർത്തകൻ ശ്രീ. എബ്രാഹം പുത്തൻകളം, കലാരംഗത്തു പ്രവർത്തിക്കുന്ന ശ്രീ സി.എ. ആൻറണി ചെന്നിത്തല വെരൂർ, കൂടുതൽ മക്കളുള്ള ശ്രീ. ജിനോ & ടിനു, ജോസഫ് & ജോസി ദമ്പതികൾ എന്നിവർക്കാണ് സമുദായശക്തീകരണ അവാർഡ് നൽകുന്നത്. കൂടാതെ മികച്ച യുവസംരംഭകർക്കുള്ള അവാർഡും നൽകും.
കെസിബിസി, സിബിസിഐ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങ ളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കും. അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അവാർഡുകളും ആദരവുകളും നൽകും. മികച്ച ഇടവക ബുള്ളറ്റിൻ, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നൽകും. ആദരവിന് അർഹരായവരെ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ പരിചയപ്പെടുത്തും.
കാര്യപരിപാടികൾ
പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ ബിജു സെബാസ്റ്റ്യൻ, ഡോ. പി.വി. ജറോം എന്നിവർ പതാക ഉയർത്തും. തുടർന്ന് അതിരൂപതാ ആന്തം ആലപിക്കും. വികാരി ജനറൽ മോൺ. സ്കറിയ കന്യാകോണിൽ ഖുഥാആ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മുഖ്യ വികാരി ജനറൽ മോൺ. ആൻ്റണി ഏത്തക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി സമ്മേളനനഗർ പരിചയപ്പെടുത്തും. വികാരി ജനറൽ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലികൊടുക്കും. ഈ സമയം 18 ഫൊറോന കൗൺസിൽ സെക്രട്ടറിമാരും പേപ്പൽ പതാകയുമായി വേദിക്ക് മുമ്പിൽ അണിനിരക്കും. എഫ്.സി.സി. കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി.ബ്രിജി എഫ്.സി.സി., പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രൊഫ. ഡോ. രേഖാ മാത്യൂസ്, യുവദീപ്‌തി എസ്.എം.വൈ.എം. ഡെപ്യൂട്ടി പ്രസിഡണ്ട് കുമാരി ലൂസി പീലിപ്പോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. എക്സലൻസ് അവാർഡ് ജേതാക്കൾ മറുപടിപ്രസംഗം നടത്തും. അഭി. മാർ തോമസ് തറയിൽ CARP - ASPIRE പദ്ധതി ഉദ്ഘാടനംചെയ്യും, ദളിത് കത്തോലിക്കാ വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിക്കും. വികാരിജനറാൾ മോൺ. ജോൺ തെക്കേക്കര 141-ാം അതിരൂപതാദിനത്തിൻ്റെ പ്രഖ്യാപനവും പതാക കൈമാറലും നടത്തും.
അതിരൂപതാദിന കോഡിനേറ്റർ റവ ഫാ. ചെറിയാൻ കക്കുഴി നന്ദിപ്രകാശനം നടത്തും. സീറോമലബാർസഭാ ആന്തം, ദേശീയഗാനം എന്നിവ ആലപിച്ച് സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ഗായകസംഘവും നൃത്താവിഷ്‌കാരവും ക്രമീകരിച്ചിട്ടുണ്ട്.