ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തിലിന്‍റെ ജീവിതത്തെ ഇങ്ങനെ സംക്ഷേപിക്കാം: അകക്കണ്ണും ദീര്‍ഘദര്‍ശിത്വവുമുള്ള മനുഷ്യന്‍. ധിഷണയും
തുടര്‍ച്ചയും മുദ്രപ്പെടുത്തിയ ജാഗ്രത കൊണ്ടുമാത്രം പൊതുമണ്ഡലത്തില്‍ ഖ്യാതി നേടിയ വ്യക്തി. പ്രഥമദൃഷ്ട്യാ അദ്ദേഹം മിതഭാഷിയോ ഗൗരവക്കാരനോ ആണെന്നു തോന്നാം. ഒരു പരിധിയോളം അതു ശരിയുമാണ്. ബഹളസംസാരം അദ്ദേഹത്തിന് പഥ്യമല്ല. അനുചിതമായ ഇടപെടലുകള്‍ക്ക് തുനിയാറുമില്ല. പക്ഷേ പറയുന്ന കാര്യങ്ങളും നടത്തുന്ന ഇടപെടലുകളും ന്യായപക്ഷത്തു നിലയുറപ്പിച്ചുകൊണ്ടായിരിക്കും. ബോംബെ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ സൈമണ്‍ കാര്‍ഡിനല്‍ പിമെന്‍റാ പറയുന്നു: ആര്‍ച്ചുബിഷപ്പ് പവ്വത്തിലിന്‍റെ സവിശേഷവ്യക്തിത്വം 'ലളിതജീവിതവും ഉന്നതചിന്തയും' എന്നൊരു ശൈലിയില്‍ പ്രകടിപ്പിക്കാമെന്നു തോന്നുന്നു. കാഴ്ചയിലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമെല്ലാം അദ്ദേഹത്തിന്‍റെ ജീവിതലാളിത്യം പ്രതിഫലിക്കുന്നു. മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കുന്നതിന് വലിപ്പം നടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. അദ്ദേഹത്തെ അറിഞ്ഞിട്ടില്ലാത്തവര്‍ തങ്ങള്‍ക്ക് അറിവില്ലാത്ത ഒരു സാധാരണ പുരോഹിതനാണ് അദ്ദേഹം എന്ന് കരുതിപ്പോകും... ഒരു പുരോഹിതന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അഗാധമായ ആധ്യാത്മികതയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു" (സത്യത്തിലും സ്നേഹത്തിലും 345-346). ജനപ്രിയതയുടെ പ്രലോഭനങ്ങള്‍ക്ക് ഇന്നേവരെ അദ്ദേഹത്തെ ഇരയാക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം തന്നെ പറയുന്നു: ഒഴുക്കിനൊപ്പം നീന്തുകയാണെങ്കില്‍ ഒരു ബിഷപ്പിന് തന്‍റെ ശുശ്രൂഷയില്‍ ഉടനീളം ജനപ്രീതിയും കയ്യടിയും ലഭിച്ചേക്കാം. പക്ഷേ െ ശ്ലൈഹിക പാരമ്പര്യത്തോട് കൂറ് പുലര്‍ത്തുക എന്നതിനാണ് സഭ കൂടുതല്‍ വില കല്‍പ്പിക്കേണ്ടത് ... ശരിയായ പ്രബോധനവും ശരിയായ ജീവിതവുമാണ് അജഗണങ്ങളുടെ ഇടയനെന്ന രീതിയില്‍ ഒരു മെത്രാൻ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ.
ഗൗരവപ്രകൃതമെന്നു പുറമേ തോന്നുമെങ്കിലും രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റവിധം വ്യക്ത്യന്തരസൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണ് ആര്‍ച്ചുബിഷപ്പ് പവ്വത്തില്‍. കത്തോലിക്കാസഭയ്ക്ക് അകത്തും പുറത്തുമുള്ള അനേകം ബിഷപ്പുമാരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മുന്‍ തലവന്‍ ബസേലിയോസ് മാര്‍ തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകടിപ്പിച്ച ആഗ്രഹം രേഖപ്പെടുത്താം: 'നമുക്കു സ്വര്‍ഗ്ഗത്തിലും ഒരുമിച്ചു കാണണം' (സത്യത്തിലും സ്നേഹത്തിലും 339).
ഒപ്പം ജോലി ചെയ്യുന്നവരില്‍നിന്ന് മാര്‍ പവ്വത്തില്‍ എപ്പോഴും കൂടുതല്‍ മികവാര്‍ന്ന സേവനം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. തന്‍റെ കഠിനാധ്വാനശീലം അവരിലും പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഫലമാവാം അത്. പക്ഷേ അതൊരിക്കലും പരുഷമായല്ല, ആത്മബന്ധത്തിന്‍റെ ഹൃദ്യതയോടെയാണ്. ആശയപരമായി എതിര്‍ചേരിയില്‍ നില്ക്കുന്നവര്‍ക്കുപോലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാന്‍ സാധിക്കാത്തതിനുള്ള ഒരു കാരണം അതാവാം. പിന്നെ, സ്വീകരിക്കുന്ന നിലപാടുകളും ഉന്നയിക്കുന്ന വാദങ്ങളും യുക്തിഭദ്രമെങ്കില്‍ വിയോജിപ്പുകള്‍ക്കുപരി ആക്രമണങ്ങള്‍ക്കു സാധ്യത വളരെ തുച്ഛമാണല്ലോ.
ആര്‍ച്ചുബിഷപ്പ് പവ്വത്തില്‍ ഭാരതസഭയിലും ആഗോളസഭയിലും വ്യത്യസ്ത
പദവികളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട് . സി.ബി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രത്യേകം പ്രസ്താവ്യമാണ്. തുടര്‍ച്ചയായി രണ്ടുവട്ടം അദ്ദേഹം ആ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രണ്ടുതവണ അലങ്കരിച്ച ആദ്യ സീറോ മലബാര്‍
മെത്രാനാണ് ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍. സി.ബി.സി.ഐ യെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ കാലമായിരുന്നു അത്. മൂന്ന് വ്യക്തി സഭകള്‍ക്കും പ്രത്യേക ബിഷപ്സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് സി.ബി.സി.ഐ യുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്ന കാലം. അത്തരമൊരു പ്രതിസന്ധിഘട്ടത്തിലാണ് അദ്ദേഹം സാരഥ്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
സി.ബി.സി.ഐ എന്ന ദേശീയ മെത്രാന്‍ സമിതിയുടെ അന്തസും പ്രസക്തിയും സംരക്ഷിക്കാനും പുനര്‍നിര്‍വചിക്കാനും ഏറെ ശ്രദ്ധിച്ചു മാര്‍ പവ്വത്തില്‍. അന്നത്തെ സി.ബി.സി.ഐ വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അലന്‍ ഡി ലാസ്റ്റിക്ക് അടുത്തറിഞ്ഞ ആ നേതൃശൈലിയെ ഓര്‍ത്തെടുക്കുന്നതിങ്ങനെ: സി.ബി.സി.ഐ. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി മാര്‍ പവ്വത്തിലിന്‍റെ നേതൃഗുണം കൂടുതല്‍ തെളിഞ്ഞ് അതിന്‍റെ ഔന്നത്യത്തിലെത്തി. ... വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മീറ്റിംഗുകളില്‍ കൂടുതല്‍ ആളുകളെ ഇടപെടാന്‍ അനുവദിക്കുകയും, അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശ്രവിക്കുകയും ചെയ്തതുവഴി മികച്ച നേതൃപാടവം അദ്ദേഹം തെളിയിച്ചു. ഓരോ ചര്‍ച്ചയുടെയും അവസാനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങളുടെ കൃത്യമായൊരു സംഗ്രഹം അദ്ദേഹം നല്‍കും. ആവശ്യമെങ്കില്‍ തീരുമാനമെടുക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെടും. ഒരിക്കലെങ്കിലും സ്വന്തം വീക്ഷണം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നിട്ടില്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ 1996ല്‍ തിരുവനന്തപുരത്തു നടന്ന സി.ബി.സി.ഐ. സമ്മേളനം വലിയൊരു വിജയമായിരുന്നുവെന്ന് എല്ലാവരും സമ്മതിക്കും കര്‍ദ്ദിനാള്‍ സൈമണ്‍ പിമെന്‍റാ മാര്‍ പവ്വത്തിലിന്‍റെ കൃത്യനിര്‍വ്വഹണപാടവം അനുസ്മരിക്കുന്നു: സി.ബി.സി.ഐ. പ്രസിഡന്‍റെന്ന നിലയില്‍ അദ്ദേഹം സി.ബി.സി.ഐ. യുടെ പ്രവര്‍ത്തനരീതികളെപ്പറ്റി തികഞ്ഞ അവബോധമുള്ള വ്യക്തിയായിരുന്നു. മീറ്റിംഗുകള്‍ക്ക് മുന്‍കൂട്ടി തയ്യാറായിവരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍റേത്. എന്‍റെ അഭിപ്രായത്തില്‍, സി.ബി.സി.ഐ. യുടെ പ്രവര്‍ത്തനരീതിയ്ക്ക് ആര്‍ച്ചുബിഷപ്പ് പവ്വത്തില്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന, ഇടയ്ക്കിടയ്ക്ക് അംഗങ്ങള്‍ ഓരോരുത്തര്‍ക്കും അദ്ദേഹം അയയ്ക്കുന്ന വ്യക്തിപരമായ കത്തുകളാണ്. നിലവിലെ വ്യവസ്ഥിതിയെ ആമൂലാഗ്രം അട്ടിമറിക്കുകയല്ല, കാലോചിതമായ പുനഃക്രമീകരണവും മാറ്റങ്ങളും വരുത്തി പുതുക്കിപ്പണിയുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.
മാര്‍ പവ്വത്തിലിന്‍റെ ദര്‍ശനങ്ങളും വിവിധ മേഖലകളിലെ കനപ്പെട്ട സംഭാവനകളും, പൗരോഹിത്യത്തോടും ദൈവശാസ്ത്രവിചാരങ്ങളോടും ഗാഢമായി ബന്ധിതമാണ്. സീറോ മലബാര്‍ സഭയുടെ യഥാര്‍ത്ഥ സ്വത്വവും പൈതൃകവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതവും ശുശ്രൂഷയുമെന്ന് ആരും സമ്മതിക്കും.
ആര്‍ച്ചുബിഷപ്പ് പവ്വത്തിലിന്, ജീവിക്കുകയെന്നാല്‍ സഭയോടൊപ്പവും സഭയ്ക്കുവേണ്ടിയും ജീവിക്കുക എന്നാണര്‍ത്ഥം. ഇതോടു ചേര്‍ന്നുപോകുന്നു കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിന്‍റെ (ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) ഒരു പരാമര്‍ശം. 1997 ജനുവരി 25 ന് അദ്ദേഹം മാര്‍ പവ്വത്തിലിന് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: "നമ്മുടെ കര്‍ത്താവിനുവേണ്ടി അങ്ങ് ചെയ്ത വിശ്വസ്തതാപൂര്‍ണമായ ശുശ്രൂഷയെ നന്ദിയോടെ ഓര്‍ക്കുന്നു; വിശേഷിച്ചും, സീറോമലബാര്‍ സഭയുടെ യഥാര്‍ത്ഥ വ്യക്തിത്വം മനസ്സിലാക്കിതരുവാനെടുത്ത പരിശ്രമങ്ങള്‍. ദൈവജനം തങ്ങളുടെ ഉത്ഥിതനായ കര്‍ത്താവിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്ന പരിപാവനമായ ആരാധനാക്രമം പുനരുദ്ധരിക്കുവാന്‍ അങ്ങ് കാണിച്ച ജാഗ്രതയെ പ്രോത്സാഹിപ്പിക്കുവാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു"
ഭാഗ്യസ്മരണാർഹനായ ഞങ്ങളുടെ പ്രിയ പിതാവേ... അങ്ങയുടെ സ്വർഗപ്രവേശനത്തിന്റെ മൂന്നാം വാർഷിക വേളയിൽ അങ്ങയുടെ ദീപ്ത സ്മരണകൾക്കു മുമ്പിൽ ഞങ്ങൾ ശിരസ്സു നമിക്കുന്നു... വന്ദ്യ പിതാവേ..'പ്രണാമം????????????