ചങ്ങനാശ്ശേരി: പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും എക്സലൻഷ്യ '26 അവാർഡ് വിതരണം എല്ലാവർക്കും ആവേശമായി മാറി. ചങ്ങനാശ്ശേരി അതിരൂപതയിലെ ഉന്നത വിജയം നേടിയ മുഴുവൻ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കും മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അവാർഡുകൾ നേരിട്ട് നൽകിയത് ജേതാക്കൾക്ക് വലിയ സന്തോഷം നൽകി. ഒരു മണിക്കൂർ കൊണ്ട് 700ലധികം കുട്ടികൾക്ക് അവാർഡുകൾ നൽകാൻ സാധിച്ചു. സമുദായ സ്നേഹികളായ നിരവധി ആളുകളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളിലൂടെയാണ് ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ കാവുകാട്ട് ഹാളിൽ ഇപ്രകാരം പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചത്. കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളുടെ നിതാന്തമായ പരിശ്രമം ഈ പ്രോഗ്രാമിന്റെ വിജയത്തിൽ ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഒപ്പം ചടങ്ങിന്റെ ആരംഭം മുതൽ അവസാനംവരെ അഭിവന്ദ്യ പിതാവ് ഉൾപ്പെടെ വിശിഷ്ട അതിഥികൾ എല്ലാവരും പങ്കെടുത്തു എന്നതും ശ്രദ്ധേയമായിരുന്നു. കുട്ടികൾക്ക് ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ മെമെന്റോക്കൊപ്പം ബൈബിളും സമ്മാനമായും നൽകി.