കാലാവസ്ഥ വ്യതിയാനം മൂലവും മറ്റ് പ്രശനങ്ങൾ മൂലവും പ്രതിസന്ധി അനുഭവിക്കുന്ന കുട്ടനാടൻ ജനതയുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചു എന്ന് ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം വിലയിരുത്തി. എസ് .ബി കോളേജിൽ നടന്ന പതിനേഴാമത് പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടന സമ്മേളനത്തിലാണ് ഇക്കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അവശ്യപ്പെട്ടത്. അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം കോതമംഗലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടം ഉദ്ഘാടനം ചെയ്തുതു. ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് മോൺ. ആൻ്റണി എത്തക്കാട് മാർഗ്ഗ നിർദേശ പ്രസംഗം നടത്തി. അതിരൂപതാ ചാൻസിലർ വെരി റവ. ഡോ. ജോർജ് പുതുമനമൂഴി കൗൺസിൽ അംഗങ്ങളെ പരിചയപ്പെടുത്തി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടനാട് അഭിമുഖീകരിക്കുന്ന നിരവധി പ്രശനങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങളും യോഗം നിർദേശിച്ചു. ഇക്കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാന ഗവൺമെന്റിന്റെയും ജനപ്രതിനിധികളുടെയും ഫലപ്രദമായ ഇടപെടൽ ഉണ്ടായത് അഭിനന്ദനാർഹമാണെന്നും അത് കുട്ടനാട്ടിൽ പ്രളയത്തിന്റെ ആഘാതം കുറച്ചു എന്നും യോഗം നിരീക്ഷിച്ചു. കൗൺസിൽ അംഗം ആൻറണി ആറിൽചിറ പ്രമേയം അവതരിപ്പിച്ചു.
അതിരൂപതയുടെ പ്രസിദ്ധീകരണമായ കുടുംബ ജ്യോതിയുടെ കളർപതിപ്പ് മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മാർ ജോർജ് മഠത്തിക്കണ്ടത്തിലിന് നൽകി പ്രകാശനം ചെയ്തു. സമ്മേളനത്തിന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ഡോ. മാത്യു ചങ്ങങ്കരി, മോൺ. ഡോ. സ്കറിയ കന്യാകോണിൽ, മോൺ. ഡോ. ജോൺ തെക്കേക്കര, പ്രൊക്യുറേറ്റർ വെരി. റവ. ഫാ.ജയിംസ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി. പതിനേഴാമത് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി പ്രൊഫ. ഡോ. ജോച്ചൻ ജോസഫ്, ജോയിൻറ് സെക്രട്ടറിമാരായി ശ്രീ. ജോബി പി .സി, ഡോ. ജിഷ മോൾ അലക്‌സ് എന്നിവർ നിയമിതരായി. അതിരൂപതയിലെ 18 ഫൊറോനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 215 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഈ പാസ്റ്റ്റൽ കൗൺസിൽ.