Diocesan News & Updates

Home / News Detail

എസ്.ബി. കോളേജ് സ്ഥാപകനോടുള്ള ആദരം: പുതിയതായി കണ്ടെത്തിയ സസ്യത്തിന് 'പോളികാർപ്പിയ കുര്യാളശ്ശേരിയാന' എന്ന് നാമകരണം

Friday, 07 August 2026

ചങ്ങനാശ്ശേരി: സസ്യശാസ്ത്ര ഗവേഷണ രംഗത്ത് ചങ്ങനാശ്ശേരി സെന്റ് ബെർക്ക്മാൻസ് (എസ്.ബി) കോളേജിന് അഭിമാനമായി പുതിയൊരു കണ്ടെത്തൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് പുതിയ സസ്യങ്ങളെ സസ്യശാസ്ത്ര ഗവേഷകർ കണ്ടെത്തി. ഇതിൽ ഒരു സസ്യത്തിന് എസ്.ബി. കോളേജ് സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർ തോമസ് കുര്യാളശ്ശേരിയോടുള്ള ആദരസൂചകമായി 'പോളികാർപ്പിയ കുര്യാളശ്ശേരിയാന' (Polycarpaea kurialacherryana) എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിന്റെ 101-ാം ചരമവാർഷിക വേളയിലാണ് ഈ ശാസ്ത്രീയ സമർപ്പണം. പ്രശസ്ത അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ 'ഫൈറ്റോടാക്സ'യിലാണ് (Phytotaxa) ഈ സുപ്രധാന കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്.ബി. കോളേജ് ബോട്ടണി വിഭാഗത്തിലെ ഗവേഷകരായ പ്രൊഫ.(ഡോ).  സാൽവി തോമസ്, ഡോ. ആര്യ സിന്ധു, സ്വതന്ത്ര ഗവേഷകനായ ഡോ. മാനുവൽ തോമസ്, കോട്ടയം സി.എം.എസ്. കോളേജ് ബോട്ടണി വിഭാഗം അധ്യാപകൻ പ്രൊഫ.(ഡോ).  റോജിമോൻ പി. തോമസ് എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.

വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ മാർ തോമസ് കുര്യാളശ്ശേരി നൽകിയ അതിരുകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പേര് ഈ പുതിയ സസ്യത്തിന് നൽകിയിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ എസ്.ബി. കോളേജിലെ ഗവേഷകരായ പ്രൊഫ.(ഡോ). സാൽവി തോമസും ഡോ. ആര്യ സിന്ധുവും  വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ മലനിരകളിൽ നിന്ന് കണ്ടെത്തിയ ഈ ചെടിക്ക് മഞ്ഞ നിറത്തിലുള്ള പൂക്കളാണ്. തങ്ങളുടെ ശാസ്ത്രീയവും അക്കാദമികവുമായ ഗവേഷണങ്ങൾക്ക് എന്നും തണലേകുന്ന പ്രിയ കലാലയത്തിന്റെ സ്ഥാപകനോടുള്ള ആഴത്തിലുള്ള നന്ദിയും ആദരവുമാണ് ഇതിലൂടെ ഗവേഷകർ പ്രകടിപ്പിക്കുന്നത്. കണ്ടെത്തിയത് അഞ്ച് പുതിയ ഇനങ്ങളെ
കാരിയോഫില്ലേസി (Caryophyllaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന പോളികാർപ്പിയ (Polycarpaea) ജനുസ്സിൽപ്പെട്ട അഞ്ച് സസ്യങ്ങളെയാണ് പുതിയതായി കണ്ടെത്തിയത്. 2023 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെ നീണ്ടുനിന്ന പഠനങ്ങളിലൂടെ ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ, പാലക്കാട്ടെ കൊല്ലങ്കോട്, ആലപ്പുഴയിലെ ചേർത്തല എന്നിവിടങ്ങളിൽ നിന്നാണ് ഇവയെ ശേഖരിച്ചത്.

പോളികാർപ്പിയ കുര്യാളശ്ശേരിയാനയ്ക്ക് പുറമെ താഴെ പറയുന്നവയാണ് പുതുതായി കണ്ടെത്തിയ മറ്റ് നാല് ഇനങ്ങൾ:
•    പോളികാർപ്പിയ സുരേഷി (Polycarpaea sureshii)
•    പോളികാർപ്പിയ മറയൂരെൻസിസ് (Polycarpaea marayoorensis)
•    പോളികാർപ്പിയ കാന്തല്ലൂരെൻസിസ് (Polycarpaea kanthalloorensis)
•    പോളികാർപ്പിയ ജോണി (Polycarpaea johnii)

പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യ ശാസ്ത്ര അധ്യാപകനും ഗവേഷണ ഗൈഡുമായ ഡോ. വി സുരേഷിൻറെ പേരാണ് മറ്റൊരു ചെടിക്ക് നൽകിയിരിക്കുന്നത്. ശാസ്ത്ര ലോകത്തിനു ഒട്ടനവധി പുതിയ ചെടികളെ പരിചയപ്പെടുത്തിയ അധ്യാപകനുള്ള ആദരവായിട്ടാണ് പേര് നൽകിയിരിക്കുന്നത്. കൊല്ലങ്കോട് മലനിരകളിൽ നിന്നാണ് ‘പോളികാർപ്പിയ സുരേഷി’ (Polycarpaea sureshii) കണ്ടെത്തിയത്. ചുവന്ന പൊട്ടുകളോടുക്കൂടി ഉള്ള കാപ്പിപ്പൊടി കളറാണ് പൂക്കൾക്ക്. 

മറയൂർ മലനിരകളിൽ നിന്നാണ് സ്വർണ്ണം കലർന്ന പച്ച പൂക്കളുള്ള 'പോളികാർപ്പിയ മറയൂരെൻസിസ്‌'  (Polycarpaea marayoorensis) എന്ന് നാമകരണം ചെയ്ത ചെടി കണ്ടെത്തിയത്. ചെടി കണ്ടെത്തിയ സ്ഥലത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. കാന്തല്ലൂർ മലനിരകളിൽ നിന്ന് മറ്റൊരു ചെടിയും കണ്ടെത്തി. 'പോളികാർപ്പിയ കാന്തല്ലൂരെൻസിസ്‌ (Polycarpaea kanthalloorensis) എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇവയ്ക്ക് പുറമേ ചേർത്തലയിൽനിന്നുള്ള കടും പച്ചനിറത്തിൽ മഞ്ഞ കുത്തുകളുള്ള ചെടിയ്ക്ക് 'പോളികാർപ്പിയ ജോണി'  (Polycarpaea johnii) എന്നാണ് പേര് നൽകിയിരിക്കുന്നത്. കോട്ടയം സിഎംഎസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം  മുൻ മേധാവിയും പ്രിൻസിപ്പലും ആയ റവ. പ്രൊഫ. എം.സി. ജോണിനോടുള്ള ആദരർത്ഥമാണ് പേര് സമർപ്പിച്ചിരിക്കുന്നത്. ക്ലാസിക്കൽ സസ്യ ശാസ്ത്രത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ സ്മരിക്കാനാണ് ഈ പേര് നൽകിയിരിക്കുന്നത്. ചെടികളുടെ പൂവിന്റെ ഘടന, കായ്കൾ, പൂമ്പൊടി എന്നിവയുടെ സൂക്ഷ്മപരിശോധന നടത്തിയാണ് ഇവ പുതിയ സ്പീഷിസുകളാണെന്ന് സ്ഥിരീകരിച്ചത്. ഓരോ സ്പീഷിസിനും അവയുടെ അടുത്ത ബന്ധുക്കളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേകതകളുണ്ട്.