ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോഗം: ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ
Thursday 02 December 2021
ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോഗം നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽവച്ച് കൂടി. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിച്ച യോഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിക്കുകയും പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔഗിൻ കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് വിവാഹ റജിസ്റ്റര്‍ ചെയ്യുന്നതിലെ പുതിയ നിര്‍ദേശങ്ങളെ സംബന്ധിച്ചു ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചർച്ച നടത്തി. പുതിയ റജിസ്ട്രേഷന്‍ നിബന്ധനകള്‍ ക്രൈസ്തവരുടെ വിശ്വാസം മാനിക്കുന്നില്ലെന്നാണ് സഭയുടെ പൊതുവികാരമെന്നു ചങ്ങനാശേരി സഹായമെത്രാന്‍ തോമസ് തറയില്‍. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നു മന്ത്രി എം.വി.ഗോവിന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.