കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മാർത്തോമ്മാ നസ്രാണികളായ വിശ്വാസികൾ , സത്യദൈവമായ മിശിഹായെ ആരാധിക്കുവാൻ തങ്ങൾക്ക് ഒരു ദൈവാലയം ലഭിക്കുന്നതിന് വേണ്ടി അനേക നാളുകളായി പ്രാർത്ഥനയിൽ ആയിരുന്നു. ഇപ്പോൾ താത്ക്കാലികമായി ഒരു വാടക കെട്ടിടത്തിലാണ് സഭയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. സമീപകാലത്ത് ദൈവലയ നിർമ്മാണത്തിനായ് അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കാൻ ദൈവം ഈ സമൂഹത്തിന് കൃപ നല്കി അനുഗ്രഹിച്ചു. ബഹു. ശൗര്യാമാക്കൽ അച്ചനിലൂടെ ആരംഭിച്ച ഈ വിശ്വാസ സമൂഹത്തിന് ഇന്ന് നേതൃത്വം നല്കുന്നത് ബഹു. ജോസഫ് പുളിക്ക പറമ്പിൽ അച്ചനാണ്.
കോട്ടയിലെ മാർത്തോമ്മാ നസ്രാണികൾക്ക് ഏറെ സന്തോഷം നല്കുന്ന ചില വാർത്താകളാണ് വികാരി ജനറാൾ ജയിംസ് പാലക്കൽ അച്ചൻ പങ്ക് വയ്ക്കുന്നത്. ഒന്നാമതായ്, കോട്ടയിൽ ദൈവജനത്തിനായ് ഒരു ആരാധനാലയവും വൈദിക മന്ദിരവും യാഥാർത്ഥ്യമാവുന്നതിന് അതിന്റെ പണി ആരംഭിക്കാൻ പോകുന്നു. രണ്ടാമതായ്, ബഹു. SD സിസ്റ്റേഴ്സിന്റെ സേവനം കോട്ടയിൽ ലഭ്യമാകാൻ പോകുന്നു. കഴിഞ്ഞ ദിവസം കോട്ടയിലെ ഇടവകാംഗങ്ങളുമായി നടത്തിയ zoom conference ൽ ആണ് അച്ചൻ ഈ വാർത്ത അറിയിച്ചത്. ഫൊറോനാ വികാരിയായ പെരി. ബഹു. പോൾ പീടിയേക്കൽ അച്ചനെ ദൈവാലയ നിർമ്മാണത്തിന്റെ ചുമതല ജനറാൾ അച്ചൻ ഏല്പ്പിച്ചു. ബഹു. ജോസഫ് പുളിക്കപറമ്പിൽ അച്ചനെ ഇടവകയുടെ ചുമതലകൾ നിർവ്വഹിക്കുന്ന സ്വതന്ത്ര വികാരിയായി നിയമിച്ചു.
ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളും അനേകം സാമൂഹിക വെല്ലുവിളികളുടേയും നടുവിലാണ് ഈ സ്വപ്നത്തിലേക്ക് യാത്ര ചെയ്യുന്നത്. വികാരി ജനറാൾ ജയിംസ് പാലക്കൽ അച്ചൻ എല്ലാ നസ്രാണികളുടെയും പ്രാർത്ഥന സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.