എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

Sunday 25 June 2023

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് മാർ പെരുന്തോട്ടം മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മണിപ്പൂരിൻ്റെ മണ്ണിലെ ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അമ്പതു ദിവസമായി തുടരുന്ന കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പുകൊണ്ടും പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന സമ്മേളത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോട്ടയം യാക്കോബായ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മോർ തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ജർമനിയിലും ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് മണിപ്പൂർ കലാപമെന്നും അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള മൗന പിന്തുണ മണിപ്പൂർ കലാപത്തിനുണ്ടെന്നതു വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.  അതിരൂപതാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ശ്രീ. ഡൊമനിക് ജോസഫ് വഴീപറമ്പിൽ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.അതിരൂപതാ വികാരി ജനറാൾ മോൺ.വർഗീസ് താനമാവുങ്കൽ ഐക്യദാർഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അതിരൂപതാ പിആർഒ അഡ്വ. ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതയുടെ വിവിധ ഫൊറോനകളിൽ നിന്ന് പ്രാർത്ഥനാറാലിയായി വിശ്വാസിസമൂഹം പാറേൽപള്ളിയിലേക്ക് ഒഴുകിയെത്തി. സമ്മേളനത്തോടനുബന്ധിച്ച് സമാധാന പ്രാർത്ഥന നടന്നു. കേന്ദ്രസർക്കാർ മൗനം വെടിയണമെന്നും കലാപം നിയന്ത്രണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നൽകുന്നതിനായി അതിരൂപതാ കത്തോലിക്കാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണവും നടത്തപ്പെട്ടു.


useful links