ചങ്ങനാശ്ശേരി: 2025 ജൂബിലി ഇടവകകളിലും കൂട്ടായ്മകളിലും കുടുംബങ്ങളിലും അജപാലനത്തിന്റെ പുതിയൊരു ഉയർത്തെഴു ന്നേൽപ്പിനുള്ള വിളിയായിട്ടാണു ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിട്ടുള്ളതെന്നും എല്ലാ ഇടവകകളിലും മാർപാപ്പ നിർദേശിക്കുന്ന 10 കമ്മിറ്റികൾ രൂപീകരിച്ചു പ്രത്യാശയുടെ 10 അടയാളങ്ങൾ നടപ്പിലാക്കണമെന്നും അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ ആഹ്വാനം ചെയ്തു. 2025 ജൂബിലിവർഷത്തിന്റെ അതിരൂപതാസമിതിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്താ.
സമ്മേളനത്തിൽ ജൂബിലിവർഷകർമപദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. അതിരൂപതയുടെ പ്രോട്ടോ സിഞ്ചെള്ളൂസും ജൂബിലി ജനറൽ കൺവീനറുമായ വെരി റവ. ഫാ. ആന്റണി എത്തയ്ക്കാട് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഈ വർഷം അതിരൂപതയിലെ സംഘടനകളുടെയും ഇടവകളുടെയും ദൗത്യം മാർപാപ്പ നൽകിയിരിക്കുന്ന പ്രത്യാശയുടെ 10 അടയാളങ്ങൾ നടപ്പിലാക്കുകയാ ണെന്നും അതു നടപ്പിലാക്കാൻ കഴിഞ്ഞാൽ എല്ലാമേഖലയിലുള്ള ജനങ്ങൾക്കും പ്രത്യാശ നൽകാൻ കഴിയുമെന്നും അദേഹം പ്രസ്താവിച്ചു. ജൂബിലി ജനറൽ കോഡിനേറ്റർ ഫാ. ജോർജ് മാന്തുരുത്തിൽ ചർച്ചകൾ നയിച്ചു. ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ ജൂബിലി ജോയിന്റ് കോഡിനേറ്ററായും മറിയം പൊട്ടുകളം സെക്രട്ടറിയായും ജോസി കടന്തോട്, ജിനോദ് എബ്രാഹം എന്നിവർ തെക്കൻ മേഖലയുടെ കോഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിൽ അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, ഡിപ്പാർട്ടുമെൻറ് ഡയറക്ടർമാർ, സംഘടനകളുടെ അതിരൂപതാഭാരവാഹികൾ, ആനിമേറ്റേഴ്സ്, പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടിവംഗങ്ങൾ, ഫൊറോനാ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.