സുറിയാനിസഭയുടെ പൈതൃകം ആഗോള സഭയ്ക്കു മുതൽക്കൂട്ട്: മാർ ജോസഫ് പെരുന്തോട്ടം

Sunday 14 January 2024

ചങ്ങനാശ്ശേരി: സുറിയാനിസഭകൾ വളരെയധികം പീഡനങ്ങളും വെല്ലുവിളികളും നേരിട്ടാണ് നിലനിന്നുപോരുന്നതെന്നും അതിനാൽ അവയുടെ  പൈതൃകം പ്രത്യേകമായി സംരക്ഷിക്കപ്പെടണമെന്നും അത് ആഗോള സഭയ്ക്കു  മുതൽക്കൂട്ടാണെന്നും  ഈ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള ഗൗരവകരമായ ഉത്തരവാദിത്വം സീറോമലബാർ സഭയ്ക്കുണ്ടെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു.

ഡിസംബർ 21 നു ചങ്ങനാശ്ശേരി സെന്റ് മേരീസ്  മെത്രാപ്പോലീത്തൻ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട സീറോമലബാർ ഹയരാർക്കി സ്ഥാപനത്തിൻ്റെയും ചങ്ങനാശേരി വികാരായത്ത് രൂപതയായി ഉയർത്തപ്പെട്ടതിൻ്റെയും ശതാബ്ദിയുടെ  അതിരൂപതാതല സമാപനസമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദേഹം. പ്രശസ്ത സഭാചരിത്രകാരനും ഗ്രന്ഥകാരനുമായ ഫാ. ഡോ. ജയിംസ് പുലിയുറുമ്പിൽ പ്രബന്ധം അവതരിപ്പിച്ചു. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി വികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ പ്രതികരണം നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ നുൻഷ്യോ എമെരിത്തൂസ് ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, വൈദികർ, സമർപ്പിതർ, അത്മായപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ ആശംസയും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പിൽ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടത്തി. അതിനുശേഷം ഹയരാർക്കി സ്ഥാപനസമയത്ത് ചങ്ങനാശേരി മെത്രാനായിരുന്ന ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയുടെ കല്ലറയിൽ  പ്രാർത്ഥനയും പുഷ്പാർച്ചനയും  നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ജയിംസ് പാലയ്ക്കൽ, അതിരൂപതാ പ്രൊ ക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ നേതൃത്വം നൽകി.


useful links