ധന്യമായൊരു ജീവിതത്തിന്റെ സൂര്യതേജസാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വേര്‍പാടിലൂടെ കേരള സമൂഹത്തിനു നഷ്ടമായത്. കേരളത്തിന്റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍ ആയിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ആഗോള തലത്തില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം. ഭാരതസഭയുടെ അഭിമാനം. സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് മാര്‍ ജോസഫ് പവ്വത്തിലിനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
1930 ഓഗസ്റ്റ് 14ന് ചങ്ങനാശേരിക്കടുത്ത് കുറുമ്പനാടം എന്ന ഗ്രാമത്തിലാണ് പിന്നീട് മാര്‍ ജോസഫ് പവ്വത്തില്‍ എന്നറിയപ്പെട്ട പാപ്പച്ചന്റെ ജനനം. പവ്വത്തില്‍ ഉലഹന്നാന്‍ ജോസഫ്- മറിയക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രന്‍. കുറുമ്പനാടം ഹോളി ഫാമിലി എല്‍പി സ്‌കൂളിലും സെന്റ് പീറ്റേഴ്‌സ് എല്‍പി സ്ൂകൂളിലും ചങ്ങനാശേരി എസ്. ബി. ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്.ബി.കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. മദ്രാസ് ലെയോളാ കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയശേഷമാണ് വൈദിക പരിശീലനത്തിനായി സെമിനാരിയിലെത്തിയത്.
പൗരോഹിത്യസ്വീകരണത്തിനുശേഷം ചങ്ങനാശേരി എസ് ബി കോളജിലേക്കു നിയോഗിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കലാലയത്തിലെ സേവനകാലത്തുതന്നെ നേതൃപാടവം പ്രകടമാക്കിയിരുന്നു മാര്‍ പവ്വത്തില്‍. ഓക്‌സ്ഫഡില്‍ ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനും ഇതിനിടെ അര്‍ഹനായി. എസ്ബിയില്‍ അധ്യാപകനായിരിക്കെയാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്.
പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. പുതിയ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ അടിത്തറ നിര്‍മിതിയില്‍ മാര്‍ പവ്വത്തില്‍ വലിയ സംഭാവനയാണു നല്‍കിയത്. അധികം വൈകാതെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയി ചുമതലയേറ്റു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനവും വഹിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഹോദരസഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഇതര മതവിഭാഗങ്ങളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു. ചങ്ങനാശേരിയുടെ പവിത്രമായ പാരമ്പര്യവും മതസൗഹാര്‍ദവും ഇതിലൂടെ കൂടുതല്‍ മിഴിവുള്ളതായി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. അതു ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ന്യൂനപക്ഷാവകാശവും മാത്രമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകം. എസ് ബി കോളജ് ഉള്‍പ്പെടെ അതിരൂപതയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണിലും പ്രോത്സാഹനത്തിലും പരിപോഷിപ്പിക്കപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിനും മാര്‍ പവ്വത്തില്‍ ഏറെ പ്രാധാന്യം നല്‍കി.
മാധ്യമരംഗത്ത് പുതിയകാലത്തി്‌ന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ദീര്‍ഘവീക്ഷണമായിരുന്നു ചങ്ങനാശേരി കുരിശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വില്ലേജിലൂടെ സാധിതമായത്. മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മുന്‍കൂട്ടി കണ്ടുകൊണ്ടു വിഭാവനം ചെയ്ത സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ വൈവിധ്യമാര്‍ന്ന മാധ്യമപഠനത്തിനു വഴിയൊരുക്കി. റേഡിയോ പ്രക്ഷേപണത്തിന്റെ ജനകീയതയും സാധാരണ ജനങ്ങളില്‍ അതിനുള്ള സ്വാധീനവും പവ്വത്തില്‍ പിതാവ് തിരിച്ചറിഞ്ഞിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തവും സഹകരണവും റേഡിയോ മീഡിയ വില്ലേജിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
കേരള രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിപ്പോന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ടവര്‍ ചങ്ങനാശേരി അരമനയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചശേഷവും ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതെക്കുറിച്ചു സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു.
ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'കരുതലും കാവലും' എന്നായിരുന്നു. സഭയെയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ പവ്വത്തില്‍. ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും ഉറച്ച നിലപാടുകള്‍ എടുക്കാന്‍ മാര്‍ ജോസഫ് പവ്വത്തിലിന് എന്നും കരുത്തേകി. വിമര്‍ശനങ്ങളോട് അദ്ദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല. അതേസമയം ബോധ്യമുള്ള നിലപാടുകളില്‍നിന്നു വ്യതിചലിക്കാനും അദ്ദേഹം തയാറായില്ല.
ജീവിത ലാളിത്യം, വാക്കുകളിലെ മിതത്വം, ആശയങ്ങളിലെ ആഴം, അക്ഷോഭ്യമായ പെരുമാറ്റം, ആരെയും നോവിക്കാത്ത ഭാഷാശൈലി, വ്യക്തവും ശക്തവുമായ വ്യാഖ്യാനങ്ങള്‍- ഇതൊക്കെ മാര്‍ ജോസഫ് പവ്വത്തിലിനെ എക്കാലവും വ്്യത്യസ്തനാക്കി. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ആ നിലപാടുകളും ആശയങ്ങളും ആത്മീയതേജസും ജനഹൃദയങ്ങളില്‍ വെണ്മതൂകി നിലകൊള്ളും.