പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു
Friday 22 April 2022
പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഹെൽത്ത് കെയർ മിനിസ്ട്രിയുടെ പ്രസിഡന്റായി ദീർഘകാലം സേവനം ചെയ്ത മെക്സിക്കൻ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗൻ ദിവംഗതനായി. 89 വയസ്സായിരിന്നു. ഏപ്രിൽ ഇരുപതിന് റോമിൽവച്ചാണ് കർദ്ദിനാൾ അന്തരിച്ചത്. സമോറയിലെ ബിഷപ്പ് ജാവിയർ നവാരോ റോഡ്രിഗസിന് അയച്ച ടെലഗ്രാം സന്ദേശത്തിലൂടെ, ഫ്രാൻസിസ് മാർപാപ്പ തന്റെ അനുശോചനം രേഖപ്പെടുത്തി. ദൈവസേവനത്തിനും സാർവത്രിക സഭയ്ക്കും വേണ്ടി തന്റെ ജീവിതം വിശ്വസ്തതയോടെ സമർപ്പിച്ച കർദ്ദിനാളുമായുള്ള 40 വർഷത്തിലേറെ നീണ്ട സൗഹൃദം പാപ്പ, അനുസ്‌മരണസന്ദേശത്തില്‍ പ്രത്യേകം പരാമർശിച്ചു.
മെക്‌സിക്കോയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായിരുന്നു കർദ്ദിനാൾ ലോസാനോ, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യജീവിതത്തെയും ലൈംഗികതയെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ ശക്തിയുക്തം പ്രഘോഷിക്കുന്നതിനും തന്റെ ജീവിതം സമര്‍പ്പിച്ചിരിന്നു. മെക്‌സിക്കോയിലെ ടോലൂക്കയിൽ 1933, ജനുവരി 26നു ജനിച്ച അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചു. അദ്ദേഹം തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. 1955-ൽ മെക്‌സിക്കോയിലെ സമോറ രൂപത വൈദികനായി അഭിഷിക്തനായി. 1996ലാണ് ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
2003-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. 2005-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ജാവിയർ പങ്കെടുത്തിരുന്നു. ഏപ്രിൽ 13-ന് സ്പെയിനിൽ നിന്നുള്ള കർദ്ദിനാൾ റിക്കാർദോ ബ്ലാസ്ക്കെസ് പേരെസിന് എൺപത് വയസ്സായതോടെ കർദ്ദിനാൾ സംഘത്തിലെ വോട്ടവകാശമില്ലാത്തവരുടെ എണ്ണം 94 ആയിരുന്നു. കർദ്ദിനാൾ ജാവിയർന്റെ മരണത്തോടെ വോട്ടവകാശമില്ലാത്ത കർദ്ദിനാ ൾമാരുടെ സംഖ്യ 93 ആയി കുറഞ്ഞു.