രണ്ടാമതു മാർ ജോസഫ് പവ്വത്തിൽ സിംപോസിയം

Saturday 15 March 2025

ചങ്ങനാശ്ശേരി: സീറോമലബാർസഭയുടെ ആരാധനക്രമപരിശീലനത്തിനു ദിശാബോധം നൽകിയ വ്യക്തിയും അതിരൂപതയുടെ മുൻമേലധ്യക്ഷനുമായിരുന്ന മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തായുടെ രണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ആരാധനക്രമരൂപീകരണത്തെക്കുറിച്ചു പഠിപ്പിക്കുന്ന 'ദെസിദെരിയോ ദെസിദെരാവി' എന്ന അപ്പസ്തോലികലേഖനം ആധാരമാക്കി 2025 മാർച്ച് 15ന് അതിരൂപതാകേന്ദ്രത്തിലെ ആർച്ചുബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ ഹാളിൽ ഏകദിന സിംപോസിയം നടത്തപ്പെട്ടു. 
 
അതിരൂപതയുടെ മെട്രോപ്പോലീറ്റൻ എമെരിത്തൂസ് അഭി. മാർ ജോസഫ് പെരുന്തോട്ടം സിംപോസിയം ഉദ്ഘാടനം ചെയ്തു. 
 
വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിലെ പ്രൊഫസർ ഫാ. ഡൊമിനിക് മുരിയൻകാവുങ്കൽ 'ആരാധനക്രമ പരിശീലനം സഭയിൽ: പവ്വത്തിൽപിതാവിൻ്റെ ദർശനവും കാഴ്ചപ്പാടും' എന്ന വിഷയത്തിൽ ആദ്യത്തെ പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. പി. സി. അനിയൻകുഞ്ഞ് മോഡറേറ്ററായിരുന്നു.
 
ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത് 'ദെസിദെരിയോ ദെസിദെരാവിയും ആരാധനക്രമരൂപീകരണത്തിന്റെ അനിവാര്യതയും' എന്ന വിഷയത്തിൽ രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചു. സി.എം.സി. ചങ്ങനാശ്ശേരി ഹോളി ക്വീൻസ് പ്രൊവിൻഷ്യൽ സി. സോഫി റോസ് സി.എം.സി. മോഡ റേറ്ററായിരുന്നു.
 
സത്നാ സെന്റ് എഫ്രേംസ് തിയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഫാ. ലോനപ്പൻ അരങ്ങാശ്ശേരി എം.എസ്.റ്റി. 'വിശ്വാസരൂപീകരണം ആരാധനക്രമ ത്തിലൂടെ' എന്ന വിഷയത്തിൽ മൂന്നാമത്തെ പ്രബന്ധം അവതരിപ്പിച്ചു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെള്ളൂസ് വെരി റവ. ഫാ. ആൻ്റണി എത്തക്കാട് മോഡറേറ്റ റായിരുന്നു.
 
അല്മായർക്കുവേണ്ടിയുള്ള ഉന്നതദൈവശാസ്ത്രപഠനകേന്ദ്രമായ മാർതോമാവിദ്യാനികേതൻ്റെ ഡയറക്ടർ ഫാ. തോമസ് കറുകക്കളം സ്വാഗതവും അതിരൂപതാ ലിറ്റർജിക്കൽ അപ്പോസ്തലേറ്റിൻ്റെ ഡയറക്ടർ ഫാ. ജോർജ് വല്ലയിൽ നന്ദിയും രേഖപ്പെടുത്തി.