കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം
Wednesday 04 May 2022
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാ ക്കിയതിന്റെ ആവേശവും ആഹ്ളാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ്‍ ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പെനാല്‍റ്റി ഷൂട്ടഔട്ടിന് പിന്നാലെ വിജയം ടീം സ്വന്തമാക്കിയപ്പോള്‍ ഉടന്‍ മുട്ടുകുത്തി ഇരുകൈകളും ആകാശത്തി ലേക്ക് ഉയര്‍ത്തുകയും പിന്നാലെ കുരിശ് വരയ്ക്കുകയും ചെയ്‌ത തന്റെ വിശ്വാസപ്രഘോഷണം അവിടെ അവസാനിപ്പിക്കുവാന്‍ ബിനോ തയാറായിരിന്നില്ല. കപ്പടിച്ചതിന് പിറ്റേദിവസം രാവിലെ ബിനോ ജോർജ് കപ്പുമായി മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കെത്തി.
പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതുമുതൽ സ്റ്റേഡിയത്തിൽനിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി എല്ലാദിവസവും ബിനോ പ്രാർത്ഥിക്കാറു ണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്സിയും പന്തും ഉൾപ്പെടെ യുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചിരിന്നു. ഇതിനിടെ മഞ്ചേരി സെന്‍റ് ജോസഫ്സ് പള്ളി വികാരിയും ഫുട്ബോള്‍ പ്രേമിയുമായ ഫാ. ടോമി കളത്തൂരുമായി കോച്ച് സൗഹാര്‍ദത്തിലായി. മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള വിശുദ്ധ കുർ ബാനയിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
അദ്ദേഹം വരുന്ന ദിവസങ്ങളിൽ, കേരള ടീം കോച്ച് ബിനോ ജോർജ് പള്ളിയിൽ എത്തിയിട്ടുണ്ടെന്നും ടീമിനുവേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്നു ഈ വൈദികന്‍ പറയുന്നു. ഫൈനലിന്റെ തലേദിവസം പള്ളിയിൽ വന്നപ്പോൾ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് ഫാ. കളത്തൂർ പറഞ്ഞു. അങ്ങനെ കപ്പടിച്ചാൽ ദൈവത്തിന് നന്ദി പറയാൻ പിറ്റേന്ന് രാവിലെ ട്രോഫി യുമായി പള്ളിയിൽ കൊണ്ടുവരുമെന്ന് ബിനോ പറയുകയും ചെയ്‌തു.
ആ വാക്ക് പാലിക്കാനായിരുന്നു സന്തോഷ് ട്രോഫി കപ്പുമായി ബിനോ, മഞ്ചേരി വിശുദ്ധ യൗസേപ്പി താവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്. ഫൈനല്‍ മത്സരം കാണാന്‍ ഫാ. ടോമിയും പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിദേശ രാജ്യങ്ങളിലെ കായിക താരങ്ങളും കോച്ചും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന നിരവധി വാര്‍ത്തകള്‍ മുന്‍പ് പുറത്തു വന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ബിനോയുടെ സാക്ഷ്യവും കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.