മണിപ്പുർ സംസ്ഥാനത്തിൽ ഉണ്ടായിരിക്കുന്ന കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോടുള്ള ഹൃദയാർദ്രത പ്രകടിപ്പിച്ചുകൊണ്ട് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ ദിനാചരണവും പ്രാർത്ഥനാറാലിയും സംഘടിപ്പിക്കുന്നു. ജൂൺ 25 ഞായറാഴ്ച വൈകുന്നേരം 5 മണിയോടുകൂടി പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേരത്തക്കവിധം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രത്യേകിച്ച് ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം ഫൊറോനാ കേന്ദ്രങ്ങളിൽനിന്നും പ്രാർത്ഥനാറാലികൾ സംഘടിപ്പിക്കപ്പെടുന്നു. തുടർന്ന് പാറേൽ സെന്റ് മേരീസ് പള്ളി അങ്കണത്തിൽ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഭി. മാർ തോമസ് തറയിൽ, വിവിധ സഭകളിലെ അഭി. മേലധ്യക്ഷൻമാർ, മത-സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതിഷേധ പ്രമേയാവതരണവും നടത്തപ്പെടും