90.8 റേഡിയോ മീഡിയ വില്ലേജ് 2.0 - വിഷ്വൽ റേഡിയോ ആരംഭിച്ചു
Sunday 30 June 2024
കുരിശുമ്മൂട്:വിഷ്വൽ റേഡിയോ 90.8 റേഡിയോ മീഡിയ വില്ലേജിൽ തുടക്കമായി. കേൾവിക്കൊപ്പം കാഴ്ചയുമെന്ന പ്രത്യേകതയോടെ റേഡിയോ മീഡിയ വില്ലേജിന്റെ 2.0 വേർഷൻ ആരംഭിച്ചു. 2024 ജൂൺ 29നു കുരിശുമ്മൂട് മീഡിയ വില്ലേജിൽ വിഷ്വൽ റേഡിയോയുടെ ഉദ്‌ഘാടനവും നവീകരിച്ച സ്റ്റുഡിയോയുടെ വെഞ്ചരിപ്പും അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. കോട്ടയം ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ റേഡിയോ മീഡിയ വില്ലേജിന്റെ പന്ത്രണ്ടാംവർഷത്തിലാണു നൂതനമാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതിരൂപതാ സിഞ്ചെള്ളൂസ് പെരി. ബഹു. ജയിംസ് പാലയ്ക്കൽ, അതിരൂപതാ പ്രൊക്യൂറേറ്റർ പെരി. ബഹു. ചെറിയാൻ കാരിക്കൊമ്പിൽ, സമീപപ്രദേശങ്ങളിലെ ഇടവകകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുമെത്തിയ ബഹു. വൈദികർ, ചങ്ങനാശ്ശേരിയിലെ ജനപ്രതിനിധികൾ, സാമുദായിക നേതാക്കന്മാർ, റേഡിയോയുടെ വളർച്ചയിൽ സഹായിച്ചവർ എന്നിവരുടെ മഹനീയസാന്നിധ്യമുണ്ടായിരുന്നു. തുടർന്നുള്ള ചടങ്ങിൽ, റേഡിയോയുടെ പുതിയ തീം സോങ് റിലീസ് ചെയ്‌തു റേഡിയോ മീഡിയ വില്ലേജ് 2.0 ജനങ്ങൾക്കു സമർപ്പിക്കുന്നതിന്റെ പ്രതീകമായി മാർ ജോസഫ് പെരുന്തോട്ടം വിഷ്വൽ റേഡിയോയുടെ ലോഗോ - ജനപ്രതിനിധികൾക്കു കൈമാറി. മീഡിയ വില്ലേജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ദേവസ്യ പുതുപ്പറമ്പ്, എസ്.ജെ.സി.സി. പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ, അക്കാദമിക് ഡയറക്ടർ ഫാ. മാത്യു മുരിയങ്കരിച്ചിറയിൽ, MAC ടി.വി. ഡയറക്ടർ ഫാ. വര്ഗീസ് കണിച്ചേരിൽ, എസ്.എൻ.ഡി.പി. യോഗം ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, ഇടിമണ്ണിക്കൽ ജ്വല്ലറി മാനേജിങ് ഡയറക്ടർ സണ്ണി ഇടിമണ്ണിക്കൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.