ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ സഭയെ നിർബന്ധിക്കുന്നു

Monday 15 November 2021

ലോകമെമ്പാടുമുള്ള സീറോമലബാർ പള്ളികളിൽ ഒരേ രീതിയിൽ കുർബാനയർപ്പണം സാധ്യമാകുന്നതോടെ ഐക്യത്തിന്റെ പുതുയുഗത്തിലേക്ക് ഈ സഭ പ്രവേശിക്കുമെന്നു പ്രതീക്ഷിച്ചു പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന നിശബ്ദ ഭൂരിപക്ഷത്തിനു ഏറ്റവും വേദനാജനകമാണ് കഴിഞ്ഞ ദിവസങ്ങളിൽ മൗണ്ട് സെന്റ് തോമസിൽ നടന്ന സംഭവങ്ങൾ. മെത്രാന്മാരും സിനഡും എന്തോ ക്രൂരത കാട്ടി എന്ന രീതിയിൽ ഒരു സഹോദരൻ വിദ്വേഷപ്രസംഗം നടത്തുന്നത് വിഡിയോയിൽ കണ്ടപ്പോൾ എന്താണ് സിനഡ് നിഷ്കര്ഷിച്ചിരിക്കുന്നതു എന്ന് ഒരിക്കൽക്കൂടി വിശദീകരിക്കണമെന്ന് തോന്നി. 
സിനഡ് പറഞ്ഞത് ഇപ്രകാരം മാത്രം: കഴിഞ്ഞ മുപ്പതു വര്ഷങ്ങളിലേറെയായി സീറോ മലബാർ സഭയിൽ വ്യത്യസ്ത രീതിയിൽ നടക്കുന്ന ബലിയർപ്പണം ഏകീകരിക്കണമെന്നത് ദൈവജനത്തിന്റെ വലിയ ഒരു ആവശ്യമായിരുന്നു. തൊട്ടടുത്ത രൂപതകളിൽ വ്യത്യസ്തമായി കുർബാന ചൊല്ലുന്നതുപോലെ ഉതപ്പു കൊടുക്കുന്നത് മറ്റെന്താണ്! അതിനാൽ നവീകരിച്ച കുർബാനക്രമം നിലവിൽ വരുന്ന നവംബര് 28 മുതൽ കുർബാനയിൽ അനാഫൊറ ഭാഗം മാത്രം വൈദികൻ അൾത്താരയിലേക്കു തിരിഞ്ഞു പ്രാർത്ഥിക്കണം. വചനശുശ്രൂഷയും സമാപനശുശ്രൂഷയും ജനഭിമുഖമായും ചൊല്ലണം. ചുരുക്കി പറഞ്ഞാൽ വെറും 15 മിനിട്ടു അൾത്താരയിലേക്കു നോക്കി പ്രാർത്ഥിക്കണം. അത്രേയുള്ളു. അത് വലിയ ക്രൂരതയാണത്രെ. ഇനി ആർകെങ്കിലും അതിനു ബുദ്ധിമുട്ടുണ്ടെങ്കിൽ ഈസ്റ്റർ വരെ സമയവും നൽകിയിട്ടുണ്ട്.  സഭയുടെ ചരിത്രത്തിൽ നിര്ണായകമാകുന്ന ഐക്യത്തിന്റെ വാതിലുകൾ തുറക്കുവാൻ പരസ്പരം ചെറിയൊരു വിട്ടുവീഴ്ച ചെയ്യണം. അത് സാധിക്കില്ലെന്ന് പറയുന്നത് ക്രൈസ്തവമാണോ?
കൊന്തനമസ്കാരം ഉൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നത്. സിനഡൽ ഫോര്മുലയിൽ കുർബാന ചൊല്ലുന്ന അയൽ രൂപതകളിൽ അന്വേഷിച്ചാൽ മാത്രം മതി, അവിടെയൊക്കെ ഭക്താഭ്യാസങ്ങൾ നിരോധിച്ചോ എന്നറിയാൻ! തെറ്റുധാരണകൾ പരത്തി  വിശ്വാസികളെ അക്രമാസക്തരാക്കുമ്പോൾ മുകളിൽ ദൈവമുണ്ടെന്നെങ്കിലും ഓർക്കണം.
ഒരു കാര്യം വ്യക്തമാണ്. എന്നൊക്കെ സഭയിൽ ഐക്യശ്രമങ്ങളുണ്ടായിട്ടുണ്ടോ അന്നെല്ലാം അക്രമം അഴിച്ചുവിട്ടു അവയെ പരാജയപ്പെടുത്താൻ വലിയ പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ ഈ സഭയെ നിർബന്ധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പരിശുദ്ധ പിതാവിന്റെ ഐക്യത്തിലേക്കുള്ള ആഹ്വാനം.
അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭ. ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങൾക്കാണ് മുഴക്കം. എങ്കിലും ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കർത്താവു മാനസാന്തരത്തിലൂടെ നമ്മുടെ സഭയിൽ ഐക്യം സംജാതമാകും. പ്രത്യാശയോടെ കാത്തിരിക്കാം.

useful links