ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നു സഭൈക്യസമ്മേളനം

Tuesday 23 January 2024

ചങ്ങനാശ്ശേരി: കേരളസമൂഹത്തിൻ്റെ വളർച്ചയിലും ജനാധിപത്യ സംവിധാനത്തിൻ്റെ ഉയർച്ചയിലും നിർണായകമായ പങ്കും സ്വാധീനവും സംഭാവനയും നൽകിയിട്ടുള്ളവരാണ്  കേരളക്രൈസ്തവർ. എന്നാലിന്ന് അവരുടെ അംഗസംഖ്യ യിൽ കുറവുവന്നിരിക്കുന്നു. ഈ കുറവ് അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കുന്നതിനു കാരണമാകരുതെന്നും ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകുന്നത് നീതിനിഷേധത്തിനിടയാകുമെന്നും  മാർത്തോമ്മാ സുറിയാനിസഭയുടെ പരമാധ്യക്ഷൻ ഡോ.  തെയോഡോഷ്യസ് മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതാകേന്ദ്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 നു സന്ദേശനിലയം - ആർച്ചുബിഷപ് പവ്വത്തിൽ ഹാളിൽ നടത്തപ്പെട്ട സഭൈക്യസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സമുദായത്തിൻ്റെ നില നിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികളുണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് അണിനിരക്കണമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ചങ്ങനാശ്ശേരി അതി രൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ജെ.ബി.കോശി കമ്മിഷൻ്റെ സമ്പൂർണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സഭകളുമായി ആലോചിച്ച്, ഈ ബജറ്റിൽതന്നെ പദ്ധതികൾ ഉൾക്കൊള്ളിക്കത്തക്കതര ത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം യോഗം പാസാക്കി. സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാകേന്ദ്രത്തിൽ സംഘടിപ്പിച്ചത്. സീറോമലബാർ, സീറോമലങ്കര, ലത്തീൻ, ഓർത്ത ഡോക്സ്, യാക്കോബായ, മാർത്തോമ, സി.എസ്.ഐ., ക്നാനായ യാക്കോബായ സഭകളിൽനിന്നും മെത്രാൻമാർ, വൈദികർ, അത്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു. സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിൻമേൽ സഭകളുടെ ഭാഗത്തുനിന്നുണ്ടാ കേണ്ട തുടർനടപടികളെക്കുറിച്ച് വിഷയാവതരണം നടത്തി. വിവിധ സഭകളുടെ പ്രതിനിധികളായി അഭിവന്ദ്യ പിതാക്കന്മാരായ സഖറിയാസ് മോർ സെവേറിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ, മാത്യൂസ് മോർ അന്തീമോസ്, സാമുവേൽ മാർ ഐറേനിയോസ്, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, യൂഹന്നാൻ മാർ തിയോഡോഷ്യസ്, എന്നിവരും ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. ജിജി ജോൺ ജേക്കബ്, പി.ആർ. കുഞ്ഞച്ചൻ എന്നിവരും പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതുചർച്ചയിൽ  കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. റൂബിൾ രാജ് മോഡറേറ്ററായിരുന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മെനോരിറ്റി സെൽ കോഡിനേറ്റർ റോണി അഗസ്റ്റിൻ പ്രമേയം അവതരിപ്പിച്ചു. ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ ബിഷപ് മാർ തോമസ് തറയിൽ, അതിരൂപതാ സിഞ്ചെള്ളൂസുമാരായ വെരി റവ. ഫാ. ജോസഫ് വാണിയ പ്പുരയ്ക്കൽ, വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, പ്രൊക്ക്യുറേറ്റർ ഫാ. ചെറി യാൻ കാരിക്കൊമ്പിൽ, ഹൗസ് പ്രൊക്ക്യുറേറ്റർ ഫാ. വർഗീസ് പുതുവേലിൽ, എക്യുമെനിക്കൽ കമ്മിഷൻ സെക്രട്ടറി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, CARP കോഡിനേറ്റർ റ്റോം ജോസഫ് ചമ്പക്കുളം എന്നിവർ നേതൃത്വം നൽകി.

useful links