ആദരാഞ്ജലികൾ

Saturday 19 November 2022

ജഗദൽപൂർ: ജഗദൽപൂർ സീറോ മലബാർ രൂപതയുടെ ബിഷപ്പ് എമിരിത്തൂസ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ (87) കാലം ചെയ്തു. ജഗദൽപൂരിലെ എം.പി.എം. ഹോസ്പിറ്റലിൽ 19.11.2022 ന് പുലർച്ചെ ഒന്നരക്കാണ് അന്ത്യം. മൃതശരീരം ഇന്നു രാവിലെ പത്തു മുതൽ ജഗദൽപ്പൂരിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. നവംബർ 22 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൃതസംസ്കാര ശുശ്രൂഷകൾ ജഗദൽപ്പൂരിൽ നടക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. അറിയിച്ചു.
 
1935 ഒക്ടോബർ 11നു ചങ്ങനാശേരി പാലാത്ര ഫിലിപ്പ്, മേരി ദമ്പതികളുടെ മകനായി ജനിച്ച സൈമൺ ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1954ൽ മാന്നാനത്തെ സിഎംഐ ആശ്രമത്തിൽ ചേർന്നു. തുടർന്ന് 1958ൽ സിഎംഐ സഭയുടെ സന്യാസജീവിതത്തിലെ ആദ്യവ്രതം എടുക്കുകയും ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്നുള്ള വൈദിക പഠനത്തിനു ശേഷം 1964 ഡിസംബർ 1 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്ര, ജഗദൽപൂർ രൂപതാ മെത്രാനായി സ്ഥാനമേറ്റു. 2013-ൽ അദ്ദേഹം വിരമിച്ചു. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏക സീറോമലബാർ രൂപതയാണ് ജഗദൽപൂർ.
 
1972 ൽ മാർപ്പാപ്പ രൂപത രൂപീകരിച്ചു സിഎംഐ സഭയെ രൂപതാഭരണം ഏൽപിച്ചു. മാർ പൗളീനോസ് ജീരകത്ത് സിഎംഐ ആയിരുന്നു പ്രഥമ മെത്രാൻ. 1990ൽ മാർ പൗളീനോസ് ജീരകത്ത് സിഎംഐയുടെ മരണത്തെ തുടർന്ന് രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി ഫാ. കുര്യൻ മേച്ചേരിൽ സിഎംഐ നിയമിതനായി. പിന്നീട് 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്രയെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. സൈമൺ സ്റ്റോക്ക് പാലാത്ര വിരമിച്ച 2013 മുതൽ മാർ ജോസഫ് കൊല്ലംപറമ്പിൽ ആണ് രൂപതയുടെ മെത്രാൻ. 9,300 കത്തോലിക്കാ വിശ്വാസികളുള്ള രൂപതയിൽ 62 വൈദികർ സേവനമനുഷ്ഠിക്കുന്നു. 47 മഠങ്ങളിലായി 338 സന്യാസിനികളും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു.
 
മാതൃ അതിരൂപത അഭി. സൈമൺ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 
 
 

useful links