അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാർ ...

Wednesday 16 June 2021

അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമമാണ് സേവ് കുട്ടനാട്‌ ക്യാംപയിനെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് തോമസ് തറയില്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ബിഷപ്പ് പ്രതികരണം നടത്തിയിരിക്കുന്നത്. സേവ് കുട്ടനാട് ‘ സമൂഹ മാധ്യമ ക്യാംപെയ്‌നു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ ഇന്ന് പ്രസ്താവിച്ചത് വലിയ വിവാദമായിരിന്നു. ഇതിന് പിന്നാലെയാണ് ക്യാംപയിനു പിന്തുണ അറിയിച്ചുക്കൊണ്ട് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്.
 
2018 മുതലുള്ള പ്രളയത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങൾ കുട്ടനാടുണ്ടെന്ന് മറക്കരുതെന്നും ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കുന്നത് മാത്രമല്ലല്ലോ സർക്കാർ ചെയ്യേണ്ടതെന്നും വെള്ളപ്പൊക്കം ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം കുറിച്ചു. കുട്ടനാടിന്റെ പ്രശ്നം ആണ്ടിലൊരിക്കലെ വെള്ളപ്പൊക്കം മാത്രമല്ല. ഓരോ ദിവസവും വെള്ളക്കെട്ടുണ്ടാകുന്ന ദുരവസ്ഥകൾക്കാണ് നാം പരിഹാരം കാണേണ്ടത്. അതിനു നാം ഒരുമിച്ചു പരിശ്രമിക്കണം. ക്യാംപയിൻ മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്തു സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ചതാണെന്നു ഓര്‍മ്മപ്പെടുത്തിയും അഭിവാദനങ്ങൾ അര്‍പ്പിച്ചുമാണ് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍
 
സേവ് കുട്ടനാട്‌ ക്യാംപയിൻ ഞാൻ മനസ്സിലാക്കുന്നിടത്തോളം അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമമാണ്. ഇത്രയും പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ സംരക്ഷണത്തിനുവേണ്ടി സുസ്ഥിരമായ വികസനപദ്ധതികൾ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ അതിനെ നിക്ഷിപ്ത താല്പര്യമായി കരുതി തള്ളിക്കളയരുതെന്നാണ്‌ അഭ്യർത്ഥിക്കാനുള്ളത്. കുട്ടനാട്ടില്നിന്നുള്ള പലായനം ചെറിയ തോതിലാണെങ്കിലും ഒരു യാഥാർഥ്യമാണ്. 2018 മുതലുള്ള പ്രളയത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങൾ അവിടെയുണ്ടെന്നത് മറക്കരുത്. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കുന്നത് മാത്രമല്ലല്ലോ സർക്കാർ ചെയ്യേണ്ടത്! വെള്ളപ്പൊക്കം ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുകയല്ലേ?
 
എത്ര കുട്ടനാട് പദ്ധതികൾ പ്രഖ്യാപിച്ചു! എ സി കനാല് തുറക്കുമെന്ന് എത്ര തവണ വാഗ്ദാനമുണ്ടായി! തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് മാറ്റി ആഴപ്പെടുത്തുമെന്നു എത്ര തവണ വാഗ്ദാനം ചെയ്തു! കുട്ടനാടിന്റെ പ്രശ്നം ആണ്ടിലൊരിക്കലെ വെള്ളപ്പൊക്കം മാത്രമല്ല. ഓരോ ദിവസവും വെള്ളക്കെട്ടുണ്ടാകുന്ന ദുരവസ്ഥകൾക്കാണ് നാം പരിഹാരം കാണേണ്ടത്. അതിനു നാം ഒരുമിച്ചു പരിശ്രമിക്കണം. പഴയകാലത്തെ പഴിക്കാനല്ല, പുതിയ കാലത്തിനു ചേർന്ന പരിഹാരങ്ങൾ ഉണ്ടാക്കാൻ.
 
ഈ ക്യാമ്പയിൻ മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്തു സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ചതാണ്. അഭിവാദനങ്ങൾ!

useful links