മരച്ചീനിയിൽ നിന്ന് മദ്യം: സർക്കാർ പിന്മാറണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ

Wednesday 16 March 2022

മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയിൽനിന്നു സർക്കാർ പിന്മാറണമെന്ന് മലങ്കര കത്തോലിക്കാസഭ അധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ഗുണപരമായ നിർദേശങ്ങൾ വന്നാൽ പിന്താങ്ങുമെന്നു കർദിനാൾ വ്യക്തമാക്കി.
 
ആകർഷണീയമായി തോന്നുന്നതെല്ലാം ആവശ്യമായതല്ല. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ധനമന്ത്രി എന്നിവർ ചേർന്ന് മദ്യലഭ്യത കുറയ്ക്കാൻ നടപടി സ്വീകരിക്കണം. ജീവിതത്തെ താറുമാറാക്കുന്ന മദ്യലഭ്യത കുറയ്ക്കുന്നതല്ലേ നല്ലതെന്നു സർക്കാർ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ഇപ്പോൾ 859 ബാർ പ്രവർത്തിക്കുന്ന നിലയിലേക്കു മാറിയതായി തി രുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു. 270 ബവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വില്പനശാലകളും 4000 -ൽ അധികം കള്ള് ഷാപ്പും പ്രവർത്തിക്കുന്നു. മദ്യവർജനനയമാണെന്ന് അവകാശപ്പെടുന്നവർ മദ്യവിരുദ്ധ പ്രവർത്തകരെ പുച്ഛിക്കുന്ന മനോഭാവം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
കേരളത്തിൽ മദ്യ ഉപയോഗം 305 ശതമാനമായി കൂടിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചതിന്റെ കാരണത്തെക്കുറിച്ച് സർക്കാർ പഠനം നടത്തണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് മാർ ബർണബാസ്, കുറുക്കോളി മൊയ്തീൻ എംഎൽഎ, സ്വാമി ബോധി തീർഥ, പാളയം ഇമാം വി.പി. സുഹൈദ് മൗലവി, വി.എസ്. ഹരീന്ദ്രനാഥ് എ ന്നിവർ പ്രസംഗിച്ചു. ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻ സ്വാഗതവും ഫാ. ജോൺ അരിക്കൽ നന്ദിയും പറഞ്ഞു. പാളയം രക്താസാക്ഷി മണ്ഡപത്തിൽ നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.

useful links