ഒരുമിച്ചുള്ള സഞ്ചാരം ഇക്കാലഘട്ടത്തിന്റെ ആവശ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Thursday 15 December 2022
കോട്ടയം: സഭകൾ തമ്മിലുള്ള പരസ്പര ധാരണയും ഒരുമിച്ചുള്ള സഞ്ചാരവും ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സിനഡും ചങ്ങനാശേരി അതി രൂപത എക്യൂമെനിക്കൽ ഡിപ്പാർട്മെന്റും ഒരുമിച്ചു കോട്ടയത്തു സംഘടിപ്പിച്ച എക്യൂമെനിക്കൽ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച മാർ തോമാശ്ലീഹാ രക്തസാക്ഷിത്വ അനുസ്മരണ സെമിനാർ വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രോമോറ്റിംഗ് ക്രിസ്ത്യൻ യൂണിറ്റിയുടെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയാൻ ഫാരെൽ തിരി തെളിച്ചു. സീറോ മലബാർ എക്യൂമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ ക്നാനായ യാക്കോബായ സഭാ മേലധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേരി യോസ്, മലങ്കര ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്താ സക്കറിയാസ് മാർ സേവേരിയോസ് എന്നിവർ അനുഗ്രഹപ്രഭാ ഷണം നടത്തി. റവ. ഡോ. റെജി മാത്യു, റവ. ഡോ. തോമസ് കുഴുപ്പിൽ, റവ. ഡോ. ബിജു, റവ. ഡോ. മത്തായി കടവിൽ OIC എന്നിവർ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാർതോമാശ്ലീഹാ പാരമ്പര്യത്തിലുള്ള വിവിധ സഭാപ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റവ. ഡോ. ജേക്കബ് കറുകയിൽ, റവ. ഡോ. സ്കറിയ കന്യാകോണിൽ, റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, റവ. ഫാ. ജോസഫ് ഈറ്റോലിൽ, റവ. സി. ഡോ.ജ്യോതി കോടിക്കുളം എന്നിവർ പ്രസംഗിച്ചു.