പതിനാറ് നിണസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവർ

Wednesday 02 March 2022

വിശുദ്ധി ഒരു മാനുഷികവിജയമല്ല, പ്രത്യുത, ദൈവത്തിൻറെ ഒരു ദാനമാണെന്ന് വിശുദ്ധരുടെ നാമകരണ നടപടി കൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Card. Marcello Semeraro).

സ്പെയിനിലെ ഗ്രനാദയിൽ ശനിയാഴ്‌ച (26/02/22) വൈദികൻ കയെത്താനൊ ഹിമേനെസ് മർത്തീൻ (Cayetano Giménez Martín) ഉൾപ്പെടെ സ്പെയിൻ സ്വദേശികളായ 16 നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച അദ്ദേഹം ആ തിരുക്കർമ്മമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഇതുപറഞ്ഞത്.

നവവാഴ്ത്തപ്പെട്ടവരിൽ 14 പേർ വൈദികരാണ്. മറ്റു രണ്ടു പേരിൽ ഒരാൾ ഒരു വൈദികാർത്ഥിയും മറ്റെയാൾ അല്മായനും ആണ്. സ്പെയിനിൽ 1936-1939 വരെയുണ്ടായ മതപീഡനകാലത്ത് 1936-ൽ വിശ്വാസത്തെപ്രതി ജീവൻ ബലികൊടുത്തവരാണ് ഈ പതിനാറുപേരും.

നിണസാക്ഷികൾ നമുക്ക് നിത്യജീവിതത്തിൻറെ അച്ചാരമാണെന്ന് കർദ്ദിനാൾ സെമെറാറൊ പ്രകീർത്തിച്ചു. അവർ ബലഹീനരും പാപികളുമായിരുന്നെങ്കിലും അവരുടെതന്നെ രക്തത്താൽ അവരുടെ പാപങ്ങൾ കഴുകിക്കളഞ്ഞുവെന്നും അവർക്ക് നമ്മെ നമ്മുടെ പാപങ്ങളിൽ നിന്നു ശുദ്ധീകരിക്കാൻ മാദ്ധ്യസ്ഥ്യം വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവവാഴ്ത്തപ്പെട്ടവരുടെ രക്തരൂഷിതമായ ജീവിതാന്ത്യത്തിൽ നാം കാണുന്ന ഈശോയോടുള്ള വിശ്വസ്തയുടെ മാതൃത പുതിയൊരു വിതക്കലിന്റെ  നാന്ദിയും വാഗ്ദാനവുമായി ഭവിക്കട്ടെയെന്ന് കർദ്ദിനാൾ സെമെറാറൊ ആശംസിച്ചു.

നവവാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളിൽ, കയെത്താനൊ ഹിമേനെസ് മർത്തീൻ (Cayetano Giménez Martín), മനുവേൽ വസ്കസ് അൽഫായ (Manuel Vázquez Alfaya), റമോൺ സെർവില്യ ലുയീസ് (Ramón Cervilla Luis), ലൊറേൻസൊ പലൊമീനൊ വില്യഎസ്ക്കൂസ (Lorenzo Palomino Villaescusa), പേദ്രൊ റുയീസ് ദെ വൽവീദിയ പേരെസ് (Pedro Ruiz de Valdivia Pérez.), ഹൊസേ ഫ്രീയസ് റുയിസ് (José Frías Ruiz), ഹൊസേ ബെച്ചേറ സാഞ്ചെസ് (José Becerra Sánchez), ഫ്രാൻസികോ മൊറാലെസ് വലെൻസ്വേല (Francisco Morales Valenzuela), ഹൊസേ റെസ്കാൽവൊ റുയിസ് (José Rescalvo Ruiz), ഹൊസേ ഹിമേനെസ് റെയേസ് (José Jiménez Reyes), മനുവെൽ വീൽചെസ് മൊന്താൽവൊ (Manuel Vílchez Montalvo) ഹൊസേ മരീയ പോളൊ റെഹോൺ (José María Polo Rejón) ഹുവൻ ബത്സാഗ പലാസിയൊസ് (Juan Bazaga Palacios), മിഖേൽ റൊമേരൊ റൊഹാസ് (Miguel Romero Rojas) എന്നിവരാണ് 14 വൈദികർ. അന്തോണിയൊ കബ പോത്സൊ (Antonio Caba Pozo) വൈദികാർത്ഥിയും  ഹൊസേ മുഞോസ് കാൽവൊ (José Muñoz Calvo)  ഏക അത്മായവിശ്വാസിയുമാണ്. 


useful links