സുറിയാനിസഭകൾ സുവിശേഷസാക്ഷ്യത്തിൻ്റെ സഹകാരികൾ: മാർ റാഫേൽ തട്ടിൽ

Monday 01 July 2024

കോട്ടയം: ഒരൊറ്റ കൂട്ടായ്മയായിരുന്ന മാർതോമാനസ്രാണിസഭ ചരിത്രത്തിൻ്റെ ദുർഘടസന്ധികളിൽപ്പെട്ട് 1653 മുതൽ പലസഭകളായി മാറിയെങ്കിലും ഐക്യത്തിലും സ്നേഹത്തിലും സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ ഈ സഭകൾക്കു കടമയുണ്ടെന്നും ഇതു സുറിയാനിസഭകളെയെല്ലാം സുവിശേഷസാക്ഷ്യത്തിൻ്റെ സഹ കാരികളായി മാറ്റുന്നുവെന്നും സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു. നമ്മുടെ സഭകൾ കൾട്ടിക് സഭകളോ മെയ്ൻ്റനെൻസ് സഭകളോ ആകാതെ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന സഭകളായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമിപ്പിച്ചു. മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ അനുസ്മരണമായ ദുക്റാനതിരുനാളിനോടനുബന്ധിച്ചു സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ്റെയും ചങ്ങനാശ്ശേരി അതിരൂപതാ എക്യുമെനിക്കൽ ഡിപ്പാർട്ടുമെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂലൈ 1 തിങ്കളാഴ്ച കോട്ടയം ലൂർദ് ഫൊറോനാപ്പളളിയിൽ നടത്ത പ്പെട്ട മാർ തോമൻപൈതൃകസഭകളുടെ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു  സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
 
മാർതോമാസുറിയാനിസഭയുടെ തലവൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർതോമാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനംചെയ്തു. ലോകത്തിലെ വളരെയേറെ പഴക്ക മുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നതു നസ്രാണികൾക്കു വളരെ അഭിമാനകരമാണെന്നു മാർ തിയഡോഷ്യസ് പ്രസ്താവിച്ചു. സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ ചെയർമാനും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണം നടത്തി. നൂറുകണക്കിന് ആശ്രമങ്ങളാലും ആയിരക്കണക്കിനു സന്യാസികളാലും സമ്പന്നമായിരുന്നു ഏഷ്യയിലാകമാനം വ്യാപിച്ചുകിടന്ന സുറിയാനിസഭകളെന്നും കാലക്രമത്തിൽ അവയിൽ വലിയൊരു പങ്കും നശിപ്പിക്കപ്പെട്ടുവെന്നും നിലവിലുള്ളയെങ്കിലും സംരക്ഷിക്കപ്പെടണമെന്നും അതിനായി സഭകളുടെ കൂട്ടായ്മ അനിവാര്യമാണെന്നും മാർ ജോസഫ് പെരുന്തോട്ടം വിലയിരുത്തി. കെ.സി.ബി.സി. എക്യുമെനിക്കൽ കമ്മിഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ. ഡോ. സാമുവേൽ മാർ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തി.
 
'മാർതോമൻപൈതൃകത്തിൻ്റെ പ്രസക്തിയും സഭകൾ ആഗോളവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ അവയുടെ കൈമാറ്റവും' എന്നവിഷയത്തെ ആസ്പദമാക്കി നടന്ന പൊതുചർച്ചയിൽ സി.ബി.സി.ഐ. എക്യുമെനിക്കൽ കമ്മിഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോഡറേറ്ററായിരുന്നു. യാക്കോബായ സഭാപ്രതിനിധി മോസ്റ്റ് റവ. ഡോ. മാത്യൂസ് മോർ അന്തിമോസ് ചർച്ചയുടെ പ്രാരംഭമായി സംസാരിച്ചു. കോട്ടയം ക്നാനായ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കാഞ്ഞിരപ്പളളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, മൂവാറ്റുപുഴ മലങ്കരരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ്, മാർതോമാസഭ കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. തോമസ് മാർ തിമോത്തയോസ്, കോട്ടയം ക്നാനായ മലങ്കര കത്തോലിക്കാവിഭാഗം മെത്രാൻ മോസ്റ്റ് റവ. ഡോ. ഗീവർഗീസ് മാർ അപ്രേം, ചിങ്ങവനം ക്നാനായസഭയിൽനിന്നും മോസ്റ്റ് റവ. ഡോ. കുര്യാക്കോസ് മാർ സെവേറിയോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തുസംസാരിച്ചു.
 
സീറോമലബാർ, സീറോമലങ്കര, യാക്കോബായ, ഓർത്തഡോക്സ്, മാർതോമാ, അസീറിയൻ, സി.എസ്.ഐ. സഭകളിൽനിന്നും വൈദികർ, അല്മായ പ്രതിനിധികൾ, ദൈവ ശാസ്ത്രപണ്ഡിതർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
 
കോട്ടയം എം.ഡി. സെമിനാരി പ്രിൻസിപ്പൽ റവ. ഫാ. ഡോ. വി. എസ്. വർഗീസ് ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഉടൻ പുറത്തുവിടണമെന്നും കുറ വിലങ്ങാട് ദേവമാതാ കോളേജ് റിട്ട. പ്രൊഫസർ ഡോ. റ്റി. റ്റി. മൈക്കിൾ ജൂലൈ 3 സംസ്ഥാന സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. കോട്ടയം ലൂർദ് ഫൊറോനാപ്പള്ളി വികാരി ഫാ. ഫിലിപ്പ് നെൽപുരപറമ്പിൽ പ്രാർഥനാശുശ്രൂഷ നടത്തി. 
 
അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ,  അതിരൂപതാ എക്യുമെനിസം ഡിപ്പാർട്ടുമെൻ്റ്  ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, കമ്മറ്റിയംഗങ്ങളായ സെബാസ്റ്റ്യൻ പത്തിൽ, ബേബി വട്ടക്കര, ടോം ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു വെളിയനാടൻ, ടെസി വർഗീസ്, സൂസൻ കുര്യാക്കോസ്, കോട്ടയം ലൂർദ് ഫൊറോനാപ്പള്ളിയിലെ പ്രതിനിധികൾ എന്നിവർ നേതൃത്വംനൽകി.
 
 

useful links