കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിത്തറ: മാർ ജോസഫ് പെരുന്തോട്ടം
Saturday 09 December 2023
ചങ്ങനാശ്ശേരി: കെട്ടുറപ്പുള്ള കുടുംബങ്ങളാണ് ഇന്നു സമൂഹത്തിന് ആവശ്യമെന്നും മാതാ പിതാക്കളുടെ സമർപ്പണമാണ് കുടുംബത്തിന്റെ കരുത്തെന്നും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. ഇന്ന് ഉച്ചകഴിഞ്ഞ് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയുടെ പാരിഷ് ഹാളിൽ നടന്ന പിതൃവേദി റൂബിജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. പിതാക്കന്മാരുടെ മാതൃകയ്ക്കു കുടുംബത്തിലും സമൂഹ ത്തിലും നിർണായകമായ സ്ഥാനമുണ്ടെന്നും അഭി. മെത്രാപ്പോലീത്ത പിതാക്കന്മാരെ അനുസ്മരിപ്പിച്ചു.
സമാപനസമ്മേളനത്തിനു മുന്നോടിയായ് അതിരൂപതാകേന്ദ്രത്തിൽനിന്ന് ആരംഭിച്ച പിതാക്കന്മാരുടെ റാലി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സമാപിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയിലും പൊതു സമ്മേളനത്തിലും അതി രൂപതയുടെ വിവിധഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പിതാക്കന്മാർ അണിചേർന്നു.
റൂബിജൂബിലി റാലി മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിയതിനെതുടർന്ന് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ആരംഭിച്ചു. പിതൃവേദി പ്രസിഡന്റ് ജിനോദ് എബ്രഹാം അധ്യക്ഷതവഹിച്ച സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ജൂബിലിസന്ദേശം നൽകി. പിതൃവേദി സംഘടനയുടെ സ്ഥാപക ഡയറക്ടർ ഫാ. ജോസ് ആലഞ്ചേരി, മുൻ പ്രസിഡന്റുമാർ, ആദ്യസമ്മേളന ത്തിൽ പങ്കെടുത്തവരുടെ പ്രതിനിധിയായ സി. പൗലോസ് അത്തിക്കളം എന്നിവരെ യോഗത്തിൽ ആദരിച്ചു. മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, ചങ്ങനാശ്ശേരി MLA അഡ്വ. ജോബ് മൈക്കിൾ, മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, മാതൃവേദി അന്തർദേശീയ സെക്രട്ടറി ആൻസി മാത്യു, മുൻ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖപ്രഭാഷണവും അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഇരുപ്പക്കാട്ട് പ്രാർത്ഥനയും നടത്തി. റൂബി ജൂബിലിയുടെ കാലയളവിൽ പിതാക്കന്മാർക്കായ് സംഘടിപ്പിച്ച പ്രസംഗം, ഗാനരചന, ആന്തമത്സരം എന്നിവയുടെ സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു.
സി. ജോബിൻ FCC (ആനിമേറ്റർ) ജോഷി കൊല്ലാപുരം (സെക്രട്ടറി ), സോയി ദേവസ്യ (ട്രഷറർ), സൈബു കെ. മാണി (വൈസ് പ്രസിഡന്റ്), തോമസ് റ്റി. എം. (ജോയിന്റ് സെക്രട്ടറി), അതിരൂപതാ ആനിമേഷൻ റ്റീമംഗങ്ങൾ, ഫൊറോനാ പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.