ദൈവത്തിൻറെ ശൈലിയായ സാമീപ്യം പൗരോഹിത്യ ശുശ്രൂഷയ്ക്ക് സഹായക ഘടകം!

Thursday 17 February 2022

 പൗരോഹിത്യജീവിതം, സർവ്വോപരി, മാമ്മോദീസാ സ്വീകരിച്ച ഒരുവൻറെ പരിത്രാണകഥയാണെന്ന് മാർപ്പാപ്പാ.
മെത്രാന്മാർക്കായുള്ള വത്തിക്കാൻ സംഘം വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ, ഈ 17 മുതൽ 19 വരെ, (പൗരോഹിത്യത്തിൻറെ മൗലിക ദൈവശാസ്ത്രത്തെ അധികരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന സിമ്പോസിയത്തിൽ സംബന്ധിക്കുന്നവരെ  ഉദ്ഘാടന ദിനമായ ഇന്ന് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. 
സ്വന്തം ജീവിതത്തിൽ വിഭിന്നങ്ങളായ അവസ്ഥകളിലൂടെയും നിമിഷങ്ങളിലൂടെയും ഒരു വൈദികന് കടന്നുപോകേണ്ടിവരുമെന്ന് തൻറെ വ്യക്തിപരമായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ച പാപ്പാ ഇന്നു നാം ജീവിക്കുന്നത് അഭൂതപൂർവ്വമായ ഒരു മാറ്റത്തിൻറെ കാലഘട്ടത്തിലാണെന്നും ഈ അവബോധത്തോടു കൂടി ഈ പരിവർത്തനങ്ങളെ നാം ഉൾക്കൊള്ളാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു.
 
ഈ മാറ്റങ്ങളെ നേരിടാൻ നിരവധി മാർഗ്ഗങ്ങൾ നമ്മുടെ മുന്നിൽ വയ്ക്കപ്പെടുന്നുണ്ടെങ്കിലും എല്ലാം സുവിശേഷസ്പർശമുള്ളവയായിരിക്കണമെന്നില്ല എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. “ഭീതികൂടാതെ ആഴത്തിലേക്കു നീക്കി വലയെറിയാൻ” നമ്മെ അനുവദിക്കുന്ന സഭയുടെ വൈജ്ഞാനിക സജീവ പാരമ്പര്യത്തിൽ വേരുറപ്പിച്ച, യാഥാർത്ഥ്യബോധത്തോടെയുള്ള ആത്മവിശ്വാസത്തിൽ നിന്ന് ജന്മം കൊള്ളുന്ന ഒരു മനോഭാവമാണ് ഈ മാറ്റങ്ങളെ നേരിടാൻ വേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
 
ഒരു വൈദികന് തൻറെ പൗരോഹിത്യശുശ്രൂഷ നിർവ്വഹിക്കുന്നതിന് സൈദ്ധാന്തികമല്ല, സമൂർത്തങ്ങളായ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ, പൗലോസ് ശ്ലീഹാ തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനത്തിലെ ഒന്നാം അദ്ധ്യായം 6-7 വാക്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന, ദൈവം കൈവയ്പ്പിലൂടെ നല്കയിരിക്കുന്നത്, ഭീരുത്വത്തിൻറെ ആത്മാവിനെയല്ല, പ്രത്യുത, ശക്തിയുടെയും സ്നേഹത്തിൻറെയും ആത്മനിയന്ത്രണത്തിൻറെയും ആത്മാവിനെയാണ് എന്ന ഉദ്ബോധനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു.
 
ഈ ചതുർവിധ സാമീപ്യങ്ങൾ വൈദികന് സമൂർത്തസഹായം നല്കുമെന്ന തൻറെ ബോധ്യം വ്യക്തമാക്കിയ പാപ്പാ വൈദികന് ദൈവത്തോടുണ്ടായിരിക്കേണ്ട അടുപ്പം, മെത്രാനോടുണ്ടായിരിക്കേണ്ട അടുപ്പം, വൈദികർ തമ്മിലുണ്ടായിരിക്കേണ്ട അടുപ്പം, ദൈവജനത്തോടുണ്ടായിരിക്കേണ്ട അടുപ്പം, എന്നിവയെക്കുറിച്ചു വിശദീകരിച്ചു. സാമീപ്യം ദൈവത്തിൻറെ ശൈലിയാണെന്നും അവിടന്ന് അനുകമ്പയോടും ആർദ്രതയോടും കൂടെ ചാരെയുണ്ടെന്നുമുള്ള ഉദ്ബോധനം പാപ്പാ ആവർത്തിക്കുകയും ചെയ്തു.

useful links